തുമ്ബ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിനം സ്റ്റമ്ബെടുക്കുമ്ബോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്. 220 പന്ത് നേരിട്ട് 10 ഫോറും 1 സിക്സും ഉള്‍പ്പെടെ 110 റണ്‍സുമായി സച്ചിനും അർദ്ധ സെഞ്ച്വറി കുറിച്ച് 76 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിലുള്ളത്. രോഹൻ പ്രേം (3), ക്യാപ്ടൻ സഞ്ജു സാംസണ്‍ (8) എന്നിവർക്ക് തിളങ്ങാനായില്ല.
വൻ പ്രതിസന്ധി മുന്നില്‍ കണ്ട കേരളത്തിന് അഞ്ചാം വിക്കറ്റില്‍ സച്ചിനും അക്ഷയ് ചന്ദ്രനും രക്ഷകരാവുകയായിരുന്നു. ബംഗാള്‍ ബൗളിംഗിനെ സമർത്ഥമായി നേരിട്ട ഇരുവരും ടീമിനെ സുരക്ഷിതമായി 250ഉം കടത്തി ബാറ്റിംഗ് തുടരുകയാണ്. തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 153 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി കഴിഞ്ഞു. 150 പന്ത് നേരിട്ട അക്ഷയ് 7 ഫോർ നേടിയിട്ടുണ്ട്.
സച്ചിന്റെ സീസണിലെ മൂന്നാം സെഞ്ച്വറിയാണിത്.ഈ രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇതോടെ സച്ചിൻ ബേബി രണ്ടാം സ്ഥാനത്തെത്തി . സീസണില്‍ ഇതുവരെ 10 ഇന്നിംഗ്സില്‍ നിന്ന് 652 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
തമിഴ്നാടിന്റെ എൻ.ജഗദീശനാണ് സച്ചിന് മുന്നിലുള്ളത്.അതേസമയം സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാകാത്ത കേരളം 8 പോയിന്റുമായി ആറാം സ്ഥാനത്താണ് ഗ്രൂപ്പില്‍. ബംഗാള്‍ നാലാമതാണ്.