എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പഴഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിന് നേരെ ശകാരവുമുയർത്തി.
എസ്.എഫ്.ഐക്കാർ കരിങ്കൊടി കാട്ടിയതോടെ ഗവർണർ വാഹനം നിർത്തിച്ച് പുറത്തിറങ്ങുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗവർണർ അടുത്തതോടെ നാടകീയ രംഗങ്ങളായി. കറുത്ത ബാനറുയർത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്ക് തൊട്ടരികില്‍ വരെയെത്തി. പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റുകയായിരുന്നു.
തുടർന്നാണ് ഗവർണർ പൊലീസിനോട് ക്ഷുഭിതനായത്. സ്ഥലത്ത് കുറഞ്ഞ പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരികെ വാഹനത്തില്‍ കയറില്ലെന്ന് നിലപാടെടുത്ത ഗവർണർ റോഡരികില്‍ കസേരയിട്ടിരിക്കുകയും ചെയ്തു.
തന്‍റെ യാത്രക്ക് സർക്കാർ മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നും പൊലീസിനെ നിയോഗിക്കുന്നില്ലെന്നും ആരോപിച്ച ഗവർണറെ ഒടുവിൽ ഒരുവിധം സമാധാനപ്പെടുത്തി വാഹനത്തിൽ കയറ്റുകയായിരുന്നു.