ജനുവരി 26 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനം ആണ്. തുടർന്നു ശനിയും ഞായറും ആയതിനാല്‍ ആ ദിവസങ്ങള്‍ കൂടി അവധി കിട്ടുകയും ചെയ്യും. ഇങ്ങനെ കുറച്ചധികം ദിവസങ്ങള്‍ കിട്ടുമ്ബോള് ഒരു കിടിലൻ യാത്ര കേരളത്തിനുള്ളില്‍ തന്നെ പ്ലാൻ ചെയ്താലോ..? അതും ഏതൊരു മലയാളിയും വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന കേരളത്തിന്റെ സ്വന്തം ഇടങ്ങള്‍ തന്നെ കണ്ടൊരു യാത്ര…
കൊച്ചിയും മൂന്നാറും കുമരകവുമൊക്കെ ഉൾപ്പെട്ടതാണ് ഈ യാത്ര.വെള്ളിയാഴ്ച പുലർച്ചെയോടെ തന്നെ എറണാകുളത്തു നിന്നും മൂന്നാറിലേക്കുള്ള ബസ് പിടിക്കാം. ഉച്ചയോടെ മൂന്നാറില്‍ എത്തുന്ന വിധത്തില്‍ ആണെങ്കില്‍ ഉച്ചയൂണ് മൂന്നാറില്‍ നിന്നാകാം. നീണ്ട വാരാന്ത്യം ആയതുകൊണ്ടു തന്നെ യത്രാ പ്ലാൻ ഉള്ളവർ താമസസൗകര്യം മുൻകൂട്ടി ഏർപ്പെടുത്താനും ബുക്ക് ചെയ്യാനും മറക്കരുത്.
മൂന്നാറില്‍ എത്തിയാല്‍ ആദ്യ ദിവസം അവിടുത്തെ വൈകുന്നേരം ആസ്വദിച്ചും സമീപത്തെ ചെറിയ സ്ഥലങ്ങള്‍ കണ്ടും രാത്രി തണുപ്പില്‍ പുറത്തിറങ്ങിയും ഒക്കെ ആഘോഷിക്കാം. മൂന്നാറിന്റെ പ്രാദേശിക ജീവിതം മനസ്സിലാക്കാൻ ഈ സായാഹ്നം നിങ്ങളെ സഹായിക്കും. രണ്ടാമത്തെ ദിവസം ഇരവികുളം ദേശീയോദ്യാനമാണ് ആദ്യം കാണേണ്ടത്. തുടർന്ന് ടീ മ്യൂസിയം, തേയിലത്തോട്ടങ്ങള്‍, മാട്ടുപ്പെട്ടി അണക്കെട്ട്, എക്കോ പോയിന്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്താം.
പിറ്റേന്ന് രാവിലെ നിങ്ങള്‍ക്ക് കുമരകം പോകാം. സ്വന്തം വാഹനത്തിനാണ് പോകുന്നതെങ്കില്‍ നിങ്ങളുടെ സമയംപോലെ ഇറങ്ങാം. എന്നാല്‍ പൊതഗതാഗതത്തെ ആശ്രയിച്ചാണെങ്കില്‍ കുറച്ച് നേരത്തെ ഇറങ്ങണം. ഇവിടെ ഹൗസ് ബോട്ടിലെ ഉച്ചഭക്ഷണം കഴിച്ച് ബോട്ടില്‍ തന്നെ കായല്‍ കറങ്ങി കാണുന്നതാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാത്രി ഹൗസ് ബോട്ടില്‍ തന്നെ ചെലവഴിക്കാനും കഴിയും.
പിറ്റേന്ന് യാത്രയുടെ അവസാന ദിവസമാണ്. കുമരകത്തു നിന്നും കൊച്ചിയിലേക്ക് മടങ്ങുകയാണ്. ഈ ദിവസം തന്നെയാണ് കൊച്ചി കാണാൻ നിങ്ങള്‍ക്ക് സാധിക്കുന്ന സമയം. ഹൗസ് ബോട്ടില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം ആണ് കൊച്ചിയിലേക്ക് യാത്ര. ഉച്ചയ്ക്കു മുന്നേ കൊച്ചിയില്‍ എത്തിയാല്‍ ഹില്‍ പാലസ് മ്യൂസിയം, സിനഗോഗ്, ഡച്ച് പാലസ്, സെന്റ് ഫ്രാൻസീസ് പള്ളി, തുടങ്ങിയ ഇടങ്ങള്‍ കാണാം.
ഒരുപാട് ആളുകള്‍ യാത്രകള്‍ക്കായി തിരഞ്ഞടുക്കുന്ന സമയമാണ് നീണ്ടവാരാന്ത്യങ്ങള്. അതുകൊണ്ടു തന്നെ വലിയ തിരക്ക് ഈ സമയത്ത് പ്രതീക്ഷിക്കാം. താമസസ്ഥലങ്ങള്‍ , മറ്റു സൗകര്യങ്ങള്‍, വാഹനങ്ങള്‍ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്തു വേണം പോകാൻ. ബസ് ടിക്കറ്റ്, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങിയവ നേരതെ വിറ്റുതീരാറുണ്ട്. അവസാന നിമിഷത്തില്‍ ബുക്ക് ചെയ്യുന്നവയ്ക്ക് വലിയ നിരക്കും നല്‍കേണ്ടി വരും. അതിനാല്‍ യാത്രകള്‍ മുൻകൂട്ടി പ്ലാൻ ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ശ്രദ്ധിക്കുക.