KeralaNEWS

മനക്കരുത്തോടെ പരീക്ഷകളെ നേരിടാൻ പ്രധാനമന്ത്രിയുടെ ‘പരീക്ഷാ പേ ചർച്ച’യിൽ അവതാരകയായി മലയാളി വിദ്യാർഥിനി

    കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ 11-ാം ക്ലാസ് വിദ്യാർഥിനി മേഘ്ന.എൻ നാഥിനെ തേടി എത്തിയത് അപൂർവ്വമായൊരു ഭാഗ്യമാണ്. പരീക്ഷകളെ നേരിടാൻ വിദ്യാർഥികൾക്കു മനക്കരുത്തുണ്ടാക്കാൻ വേണ്ടി പ്രധാനമന്ത്രി നടത്തുന്ന ‘പരീക്ഷാ പേ ചർച്ച’യുടെ അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ മിടുക്കിയെ. ആദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് ഇത്തരമൊരു പരിപാടി നിയന്ത്രിക്കാൻ അവസരം ലഭിക്കുന്നത്. ഇതിനായി മേഘ്ന നാളെ (ഞായർ) രാവിലെ ഡൽഹിയിലേക്കു പോകും.

‌പഠനത്തിൽ മികച്ച നേട്ടങ്ങൾ കൊയ്ത മേഘ്നയാണു കഴിഞ്ഞ വർഷം പത്താം ക്ലാസിൽ കേന്ദ്രീയ വിദ്യാലയത്തിൽ ഏറ്റവുമധികം മാർക്കു നേടിയത്. ഇത്തവണ യൂത്ത് പാർലമെന്റ് പരിപാടിയുടെ സംസ്ഥാന തലത്തിലും ദക്ഷിണേന്ത്യാതലത്തിലും നടന്ന മത്സരങ്ങളിലെ ബെസ്റ്റ് പെർഫോമർ അവാർഡും മേഘ്നയ്ക്കായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികളുടെ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള അവതാരക വിഡിയോകളിൽ നിന്നാണു മേഘ്ന തിരഞ്ഞെടുക്കപ്പെട്ടത്.

മേഘ്നയോടൊപ്പം സഹ അവതാരകയായെത്തുക വാരണാസി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി അനന്യജ്യോതിയാണ്.
മാധ്യമപ്രവർത്തകനായ കോട്ടൂളി പട്ടേരി പൈപ്പ്‌ലൈൻ റോഡ് ‘ഷീന’യിൽ എൻ. നരേന്ദ്രനാഥിന്റെയും വി.സി ഷീനയുടെയും മകളാണു മേഘ്ന. മേഘ്നയുടെ ചേച്ചി നന്ദന.എൻ നാഥ് സിംഗപ്പൂർ നാഷനൽ സർവകലാശാലയിൽ വിദ്യാർഥിയാണ്

Back to top button
error: