Social MediaTRENDING

സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ 235 ദിവസം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് ഒരു സാധാരണക്കാരനായ ഇറാഖി ഗ്രാമീണനായിരുന്നു!

2003 മാര്‍ച്ചില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം ഹുസൈൻ, ഇറാഖില്‍ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച്‌ 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ തിക്രിത്തിനടുത്ത അല്‍ഔജയില്‍ നിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ അദ്ദൗര്‍ എന്ന കൃഷിക്കളത്തിലെ കിടങ്ങിലാണ്.

അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് .അപ്പോള്‍ സദ്ദാമിന്റെ തലയ്ക്കു വില 25 ദശലക്ഷം ഡോളര്‍ ആണ്.

അലാ നാമിഖിന്റെ സഹോദരനായ ഖൈസ് ആണ് ഒരു ദിവസം സന്ധ്യയ്ക്ക് ഒരു വിശിഷ്ടാതിഥി അലയുടെ കൃഷിക്കളത്തില്‍ വരുന്നുണ്ടെന്നു അനുജനെ വിളിച്ചു പറയുന്നത് .അതിഥിക്ക് കൊടുക്കാനായി അപ്പോൾത്തന്നെ കൃഷിക്കളത്തില്‍ നിന്നും വിളഞ്ഞ പഴങ്ങള്‍ എടുത്തുവെച്ചു അലാ. ഇരുള്‍ വീണുതുടങ്ങിയപ്പോള്‍ സഹോദരന്‍ പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും നോക്കി മുഖം ഉറപ്പുവരുത്തിയതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു.അത് സദ്ദാം ഹുസൈനായിരുന്നു !!

Signature-ad

ആദ്യം അലാ അൽപ്പം പരിഭ്രാന്തനായെങ്കിലും പിന്നീട് സ്‌നേഹത്തോടെ സദ്ദാമിന് ഭക്ഷണം വിളമ്ബി. കൃഷിക്കളത്തില്‍ വിളഞ്ഞ പഴങ്ങള്‍ നല്‍കി. നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. ഓതാന്‍ ഖുര്‍ആന്‍ കൊടുത്തു. പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ് ഒളിവില്‍ താമസിപ്പിക്കുന്നതെന്ന് അലാ നാമിഖിനു പുറമേ സഹോദരന്‍ ഖൈസിനും സദ്ദാമിന്റെ വലംകൈയും ബാത്ത് പാര്‍ട്ടി നേതാവുമായ മുഹമ്മദ് ഇബ്രാഹിമിനും മാത്രമേ അറിയാമായിരുന്നുള്ളു.എല്ലാവരും ഇത് രഹസ്യമായി കാത്തു സൂക്ഷിച്ചു.

ഇറാഖിന്റെ ആകാശത്തിനു ചുറ്റും പോര്‍വിമാനങ്ങള്‍ കഴുകന്‍ കണ്ണുകളുമായി സദ്ദാമിനെത്തേടി വട്ടംചുറ്റിയപ്പോള്‍ അലാ തന്റെ മുറ്റത്ത് എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മണ്‍ഗുഹ വെട്ടി.പ്രാണവായു ലഭിക്കാന്‍ ഗുഹയ്ക്കു മുകളില്‍ വിരിഞ്ഞ പൂക്കളുള്ള ചെടിച്ചട്ടികള്‍ വച്ചു മൂടി. സദ്ദാമിനെ ‘റഈസ് ‘ അഥവാ പ്രെസിഡന്‍ഡ് എന്നു തന്നെയാണ് അലാ അപ്പോഴും വിളിച്ചുപോന്നത്. നീണ്ടു ജട കുത്തിയ സദ്ദാമിന്റെ മുടി മുറിക്കുന്നതും താടി ഷേവ് ചെയ്ത് കൊടുക്കുന്നതും സോപ്പ് തേച്ച്‌ കുളിപ്പിക്കുന്നതുമെല്ലാം അലാ നാമിഖ് തന്നെ .അസുഖം വരുമ്ബോള്‍ നാടന്‍ ചികില്‍സ നല്‍കുന്നതും അലാ തന്നെയായിരുന്നു.

എന്നാൽ 2003 ഡിസംബര്‍ 13ന് അലയുടെ കൃഷിക്കളത്തിനു മീതെ അമേരിക്കൻ യുദ്ധ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പറന്നു.സാറ്റലൈറ്റ് സംവിധാനം അലാ നാമിഖിന്റെ ഫാം ഹൗസിലേക്ക് പട്ടാളത്തിനു വഴികാണിച്ചു. മലിനജല ടാങ്കുകളുടെ രൂപത്തില്‍ കുന്നും മലയും താണ്ടി പട്ടാളവണ്ടികള്‍ കുതിച്ചെത്തി..ഒന്നരലക്ഷം പട്ടാളക്കാര്‍ അലായുടെ കൃഷിയിടം വളഞ്ഞു ,ഹെലികോപ്റ്ററുകള്‍ തലയ്ക്കുമുകളില്‍ ഇരമ്ബിയാര്‍ത്തു. ഇതോടെ അലായ്ക്കും അടി പതറി .. 2003 ഡിസംബര്‍ 13ന് അലാ നാമിഖിന്റെ കൃഷിക്കളത്തിലെ മണ്‍ഗുഹയില്‍ നിന്ന് അമേരിക്കന്‍ ഭടന്മാര്‍ സദ്ദാമിനെ പിടികൂടി.

അതൊരു ചതിയായിരുന്നു.അലാ തുടരുന്നു:

തിക്രിത്ത് ഗ്രാമത്തിലെ ആലായുടെ കൃഷിക്കളത്തിലേക്ക് അപൂര്‍വമായി എത്തുന്ന സന്ദര്‍ശകനായിരുന്നു സദ്ദാമിന്റെ വലംകൈയും ബാത്ത് പാര്‍ട്ടി നേതാവുമായ മുഹമ്മദ് ഇബ്രാഹിം. അയാള്‍ കൊണ്ടുവന്ന ചില കടലാസുകള്‍ സദ്ദാം വായിക്കുകയും ഒപ്പ് വയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പഴയൊരു ടേപ്പ്‌റിക്കാര്‍ഡറില്‍ സദ്ദാമിന്റെ പ്രസംഗം റിക്കാര്‍ഡ് ചെയ്ത് പുറത്തു വിട്ടത് പിറ്റേന്ന് ഇറാഖിലെ ജനങ്ങള്‍ കേട്ട് അദ്ഭുതം കൊള്ളുന്നുമുണ്ട്.

എന്നാൽ അന്ന് അമേരിക്കൻ പട്ടാളത്തിനു വഴികാട്ടിയായി മുന്നിൽ നിന്നത് മുഹമ്മദ് ഇബ്രാഹിമായിരുന്നു.എല്ലാം അവസാനിച്ചു. സദാമിന്റെ രഹസ്യ അറ ഉള്‍പ്പടെ അലായുടെ കൃഷിക്കളം അമേരിക്കന്‍ സൈന്യം ഉഴുതു മറിച്ചു. അപ്പോഴും എട്ടുമാസം അതീവശ്രദ്ധയോടെ സംരക്ഷിച്ചുപോന്ന പ്രസിഡന്റ് പരാജയപ്പെട്ട പോരാളിയായി മടങ്ങുന്നതായിരുന്നു അലായെ വേദനിപ്പിച്ചത് . കൈവിലങ്ങുകളുമായി റഈസ് നീങ്ങുന്നത് കണ്ടപ്പോള്‍ പട്ടാളവണ്ടിയിലേക്ക് തള്ളപ്പെട്ട അലാ നാമിഖ് ഉറക്കെ കരഞ്ഞു. സദ്ദാമിന് അഭയം കൊടുത്തതിന്റെ പേരില്‍ രണ്ടു വര്‍ഷം അലാ ജയില്‍ ശിക്ഷ അനുഭവിച്ചു.

കുപ്രസിദ്ധമായ അബുഗാരിബ് ജയിലിലെ കൊടിയ പീഡനങ്ങള്‍ക്കും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ഇരമ്ബിയ ആഗോള പ്രതിഷേധത്തെത്തുടര്‍ന്ന് ജയില്‍ അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ അലായ്ക്കു മോചനം കിട്ടി. ഓപ്പറേഷന്‍ റെഡ് ഡോണ്‍ എന്നു പേരിട്ടായിരുന്നു സദ്ദാമിനു വേണ്ടി അമേരിക്കയുടെ തിരച്ചിൽ. അലാ നാമിഖ് സജ്ജീകരിച്ച മണ്‍ഗുഹയെ പിന്നീട് അമേരിക്കന്‍ സൈന്യം ‘സ്‌പൈഡര്‍ ഹോള്‍ ‘ എന്നും വിളിച്ചു.

പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വര്‍ഷം അടക്കിവാണ, ഇറാഖിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭരണാധികാരിയെയാണ് ആരുടെയും കണ്ണില്‍പ്പെടാതെ താന്‍ സംരക്ഷിച്ചതെന്ന് അഭിമാനത്തോടെ അലാ പറയുമ്ബോള്‍ ഇപ്പോഴും ആ മിഴികളില്‍ കണ്ണീര്‍ത്തിളക്കമുണ്ട്.

2006 ഡിസംബര്‍ 30. പുലര്‍ച്ചെ ആറുമണിക്ക്, സൂര്യോദയത്തിനു മുന്‍പ് മധ്യപൂര്‍വേഷ്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി കാല്‍നൂറ്റാണ്ട് ഇറാഖിനെ അടക്കി ഭരിച്ച സദ്ദാം ഹുസൈന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുകി .. പ്രതിക്കൂട്ടില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന സദ്ദാമിനെ ലോകം കണ്ടു . സദ്ദാം ഭരണകാലത്ത് 1982ല്‍ ദുജൈല്‍ നഗരത്തില്‍ 148 കുര്‍ദ് വംശജരായ ഷിയാ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലായിരുന്നു വധശിക്ഷ. അറബ് ചരിത്രത്തിലെ കറുത്ത ദിനമായാണ് സദ്ദാം അനുകൂലികള്‍ ഈ ദിനത്തെ കാണുന്നത്….

സദ്ദാമിന്റെ ശിക്ഷ നടപ്പാക്കുന്നതിനു നേതൃത്വം നല്‍കിയത് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുവഫഖ് അല്‍റുബായി ആയിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങള്‍ക്ക് റുബായി സാക്ഷിയായിരുന്നു. ഉറച്ച മനസോടെ, പതറാത്ത കാലുകളോടെയായിരുന്നു സദ്ദാം കൊലക്കയറിലേക്കു നടന്നതെന്നു അല്‍റുബായി ഓര്‍ക്കുന്നു. പശ്ചാതാപത്തിന്റെയും ഭയത്തിന്റേയും കണിക പോലും ആ മുഖത്തു കാണാനായില്ല. വെളുത്ത വി നെക് ടീ ഷര്‍ട്ടും കറുത്ത ജാക്കറ്റുമായിരുന്നു ധരിച്ചത്. കയ്യില്‍ ഒരു ഖുറാന്‍ പിടിച്ചിരുന്നു. ജഡ്ജിയുടെ മുറിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, അമേരിക്കയ്ക്കു മരണം, ഇസ്രയേലിനു മരണം, പലസ്തീന്‍ നീണാൽ വാഴട്ടെ…!

തുടര്‍ന്ന് തൂക്കിലേറ്റാനുള്ള മുറിയിലേക്കു കൊണ്ടുപോയി. തൂക്കു കയറിലേക്കു ഒന്നു നോക്കിയ സദ്ദാം പറഞ്ഞു. ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്കുള്ളതാണ്. പിന്നെ ബന്ധനസ്ഥനായ അദ്ദേഹത്തെ തൂക്കുകയറിനടുത്തെത്തിച്ചു. തൂക്കിലേറ്റുന്നതിനു മുന്‍പ് സദ്ദാമിന്റെ സത്യവാചകം. ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു’ കൊലക്കയര്‍ മുറുക്കും മുന്‍പ് അദ്ദേഹം പറഞ്ഞ അവസാന വാക്കുകള്‍ അതായിരുന്നു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്റെ ഒരു കോപ്പി ചോദിച്ചുവാങ്ങിയ സദ്ദാം നെഞ്ചോടു ചേര്‍ത്തുവച്ചു പ്രാര്‍ഥിച്ചശേഷം അതു മടക്കിനല്‍കി. രണ്ടാമത്തെ വാചകം പൂര്‍ത്തിയാക്കാനായില്ല. ആദ്യം ലിവര്‍ വലിച്ചത് താന്‍ തന്നെയായിരുന്നു. എന്നാല്‍ ശരിയാകാത്തതിനാല്‍ മറ്റൊരാള്‍ വലിച്ചു. സദ്ദാം മരണത്തിലേക്ക്…

മൃതദേഹം പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുടെ വീട്ടിലേക്കായിരുന്നു കൊണ്ടുപോയത്. പിന്നീട് മൃതദേഹവുമായി ഹെലികോപ്റ്ററില്‍ പറന്നു. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുമായി അടുത്ത ബന്ധമുള്ള താന്‍ സദ്ദാമിന്റെ ഭരണകാലത്ത് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ തൂക്കുകയറിനുമുന്നില്‍ നിന്ന സദ്ദാമിനോടു തനിക്കു പക തോന്നിയില്ലെന്നും റുബായി പറയുന്നു.

Back to top button
error: