പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ പുതുവത്സരം ആഘോഷിക്കാനെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം കൊടൂപ്പാടം സനീഷ് ഭവനിൽ സനീഷ് (37) നെയാണ് തിങ്കളാഴ്ച പുലർച്ചെ പഴയ മൂന്നാറിലെ ഡെനീമ് ലോഡ്ജിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ഓട്ടോ ഡ്രൈവറാണ് സനീഷ്.
ഞായറാഴ്ച വൈകിട്ടാണ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം സനീഷ് മൂന്നാറിലെ ലോഡ്ജിൽ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പറയുന്നു. തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയപ്പോൾ കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടു എന്നാണ് യുവതിയുടെ മൊഴി.
പൊലീസ് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ യുവാവ് തൂങ്ങാൻ ഉപയോഗിച്ച ഹുക്ക് തകർന്ന് താഴെ വീണ നിലയിൽ കിടക്കുന്നത് കണ്ടെത്തി. മൂന്നാർ എസ്.ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.. ഇടുക്കിയിലെ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.