IndiaNEWS

പുതുവത്സര സമ്മാനം, വാണിജ്യ പാചകവാതക സിലിന്‍ഡറിന് 1.50 രൂപ കുറച്ച് കേന്ദ്രസർക്കാര്‍

     പുതുവത്സര ദിനത്തില്‍ വാണിജ്യ പാചകവാതക സിലിന്‍ഡറിന് വില കുറച്ച് കേന്ദ്രസര്‍കാര്‍. വാണിജ്യ സിലിന്‍ഡറൊന്നിന് ഒന്നര രൂപയാണ് കുറച്ചത്. കഴിഞ്ഞ മാസം 22ന് 39.5 രൂപ കുറച്ചിരുന്നു. അതേസമയം, വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന് 4,162 രൂപ കുറച്ചതോടെ ഞായറാഴ്ച ഡെല്‍ഹിയിലെ വില കിലോ ലിറ്ററിന് 1,01993.17 രൂപയായി. നഷ്ടം നികത്താന്‍ പാടുപെടുന്ന വിമാന കമ്പനികള്‍ക്ക് ആശ്വാസമാണ് വിലക്കുറവ്.

ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ പാചകവാതക സിലിന്‍ഡറിന് 1755.50 രൂപയാണ് ഞായറാഴ്ച ഡെല്‍ഹിയിലെ വില. മുംബൈയില്‍ 1708.50 രൂപയും. കഴിഞ്ഞ ജൂലൈ ഒന്നിനു ശേഷം വിമാന ഇന്ധന വില 45 ശതമാനത്തോളമാണ് കുറഞ്ഞത്. 29391.08 രൂപയാണ് കിലോലിറ്ററിന് കുറഞ്ഞത്. നവംബറില്‍ 6854.25ഉം ഡിസംബറില്‍ 5189.25ഉം കുറഞ്ഞു.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ 21-ാം മാസത്തിലും വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡെല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ ശരാശരി വില കണക്കാക്കി എല്ലാ ദിവസവും എണ്ണവിലയില്‍ മാറ്റം വരുത്തുന്നതാണ് എണ്ണ കമ്പനികളുടെ നയം. എന്നാല്‍ 2022 ഏപ്രില്‍ ആറു മുതല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

Back to top button
error: