അപരനെക്കുറിച്ച് പങ്കു വയ്ക്കുന്ന കാര്യങ്ങൾ സത്യസന്ധവും വസ്തുനിഷ്ടവുമെന്ന് സ്വയം ബോധ്യപ്പെടുക
വെളിച്ചം
ആ നാട്ടിലെ ആദരണീയനായ വ്യക്തിയായിരുന്നു അയാള്‍. ഒരിക്കല്‍ കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ അതിലൊരാള്‍ അദ്ദേഹത്തോട് പറഞ്ഞു:
“എനിക്ക് താങ്കളുടെ മറ്റൊരു സുഹൃത്തിനെക്കുറിച്ച് ഒരു കാര്യം പറയാനുണ്ട്.”
അപ്പോള്‍ അയാള്‍ ആ കൂട്ടുകാരനോടു പറഞ്ഞു:
“എന്റെ സുഹൃത്തിനെക്കുറിച്ച് പറയുന്നതിന് മുമ്പ് എന്റെ മൂന്ന് ചോദ്യങ്ങൾക്ക് താങ്കള്‍ ഉത്തരം നല്‍കണം. ചോദ്യം ഒന്ന്: നിങ്ങള്‍ സുഹൃത്തിനെ കുറിച്ച് പറയാന്‍ പോകുന്ന കാര്യം നൂറ് ശതമാനം സത്യമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ?”
ഇല്ലെന്ന് അയാള്‍ മറുപടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു:
“എന്റെ സുഹൃത്തിനെക്കുറിച്ച് പറയാന്‍ പോകുന്നത് എന്തെങ്കിലും നല്ലകാര്യമാണോ…?”
അല്ല എന്ന് അയാള്‍ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കി.
“എനിക്ക് ഒരു ചോദ്യം കൂടി ചോദിക്കാനുണ്ട്. നിങ്ങള്‍ പറയാന്‍ പോകുന്ന കാര്യം കൊണ്ട് എനിക്ക് എന്തെങ്കിലും ഗുണം ലഭിക്കുമോ? ”
വീണ്ടും ഇല്ലെന്ന് ആ സുഹൃത്ത് മറുപടി നല്‍കി.
അയാള്‍ പറഞ്ഞു:
“നിങ്ങള്‍ എന്റെ സുഹൃത്തിനെ കുറിച്ച് പറയാന്‍ പോകുന്ന കാര്യം സത്യമാണോ എന്ന് ഉറപ്പില്ല,. അതൊരു നല്ലകാര്യമല്ല എന്ന് നിങ്ങള്‍ക്കറിയാം, അതുപോലെ അത് കേട്ടിട്ട് എനിക്കൊരു ഗുണവും ലഭിക്കില്ല. എങ്കില്‍ പിന്നെ എന്നോട് അത് പറഞ്ഞിട്ട് എന്ത് പ്രയോജനം?”
സുഹൃത്തിന് തന്റെ തെറ്റ് മനസ്സിലായി. മറ്റൊരാളെക്കുറിച്ച് പറയാന്‍ ശ്രമിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ നമുക്കും സ്വയം ചോദിക്കാം.
നമ്മുടെ പ്രിയപ്പെട്ട ബന്ധങ്ങളെല്ലാം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ആ വിശ്വാസത്തെ തകര്‍ക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് സത്യമാണോ എന്ന അന്വേഷണം നല്ലതാണ്. നമ്മുടെ ചിന്തകളുടെ ഗുണമേന്മയാണ് സ്വന്തം ജീവിതത്തിലെ സന്തോഷത്തിന്റെ ആധാരശില.
ശുഭദിനം
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ