ദേശീയപാതയിൽ പാലക്കാട് കണ്ണാടി മണലൂർ ബസ് സ്റ്റോപ്പിനു സമീപം വാഹനമിടിച്ചു മരിച്ച വയോധികയുടെ മൃതദേഹം വേറെയും വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞരഞ്ഞു. ഇന്നലെ പുലർച്ചെ 1.45ന് ഉണ്ടായ ദാരുണ സംഭവം പുറത്തറിഞ്ഞത് 8 മണിക്കൂറിനു ശേഷം. കണ്ണാടി മണലൂർ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടിയാണു (85) മരിച്ചത്. ആദ്യം ഒരു ബസാണ് വയോധികയെ ഇടിച്ചു വീഴ്ത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ കാണപ്പെട്ടു.
പിന്നീട് അതുവഴി പോയ ദേശീയപാതാ മെയിന്റനൻസ് ജീവനക്കാർ മനുഷ്യശരീരമാണെന്നു പോലും മനസ്സിലാകാതെ മൃതദേഹ അവശിഷ്ടങ്ങൾ രാവിലെ 9.30ന് റോഡരികിലേക്കു മാറ്റിയിട്ടു.
പഞ്ചായത്ത് അംഗം കെ.എസ്.അനീഷും പരിസരവാസികളും ചേർന്നു നടത്തിയ പരിശോധനയിലാണ് അരക്കിലോമീറ്റർ അകലെ താമസിക്കുന്ന പൊന്നുക്കുട്ടിയുടെ (85) മൃതദേഹമാണെന്നു സംശയം ഉയർന്നത്. മകൻ എത്തി തിരിച്ചറിഞ്ഞു. കറുപ്പു മുണ്ട്, തലമുടി, കഴുത്തിലെ കറുപ്പു ചരട്, ചെമ്പു മോതിരം എന്നിവയാണു തിരിച്ചറിയാൻ സഹായകരമായത്. ഇടിച്ച ബസ് കണ്ടെത്താനായി അന്വേഷണം തുടരുകയാണ് പൊലീസ്.
ശനിയാഴ്ച വൈകിട്ട് ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നു ബന്ധുക്കൾ പറയുന്നു. ചില ദിവസങ്ങളിൽ പരിസരപ്രദേശങ്ങളിലെ ബന്ധുവീടുകളിൽ താമസിക്കാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.
സംസ്കാരം നടത്തി. മക്കൾ: കലാധരൻ, കാഞ്ചന, പരേതയായ കലാവതി. മരുമക്കൾ: കുഞ്ഞിലക്ഷ്മി, കണ്ണൻ, വിജയൻ.