കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും വലിയ നിരാശ സമ്മാനിച്ച് അഡ്രിയാൻ ലൂണയുടെ പരിക്ക്. താരത്തിന് ഈ സീസണ്‍ തന്നെ നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ് എഫ്.സിയുമായുള്ള മത്സരത്തിന് തയ്യാറെടുക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. അതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഗുരുതര പരിക്കായതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി താരം ഇപ്പോള്‍ മുംബൈയിലാണ്. ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാള്‍ വിശ്രമം ആവശ്യമായതിനാല്‍ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കും.
വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്ബോഴേക്ക് സീസണ്‍ അവസാനമാകും. അതിനാല്‍ തന്നെ ഈ സീസണില്‍ ലൂണക്ക് ഇനി കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിന്നും ഫോമിലുള്ള ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും. മിഡ്ഫീല്‍ഡില്‍ കളി മെനയുന്ന ലൂണ പുറത്താകുന്നതോടെ തന്ത്രങ്ങളിലും പദ്ധതികളിലും മാറ്റം വരുത്താൻ മഞ്ഞപ്പട നിര്‍ബന്ധിതരാകും.
അതേസമയം പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ഇലവനില്‍ ഉറപ്പുള്ള താരമായ ലൂണയുടെ സാന്നിധ്യം ടീമിന് പോസിറ്റീവ് എനര്‍ജിയാണ് നല്‍കിയിരുന്നത്. ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലുമുള്ള ലൂണയുടെ മികവിന് ആരാധകര്‍ ഏറെയായിരുന്നു.
അതേസമയം ലൂണ പുറത്താകുമെന്ന് ഉറപ്പായതോടെ പുതിയ താരത്തെ ടീമിലെടക്കാനും ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നുണ്ട്. ഇതിനായി ജനുവരി ട്രാൻസ്ഫര്‍ വിൻഡോ ഉപയോഗപ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവ എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ഗോവക്ക് 20 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 17 പോയിന്റുമാണ് ഉളളത്. മോഹൻ ബഗാനാണ് മൂന്നാം സ്ഥാനത്ത്.