കോട്ടയം:ശബരിമലയിലെ തിരക്ക് രാഷ്‌ട്രീയ ആവശ്യത്തിന് ഉപയോഗിക്കേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അവിടത്തെ തിരക്ക് അവസരമായിക്കണ്ട് പാർലമെന്റിൽ ഉന്നയിക്കുകയും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുകയുമൊക്കെ ചെയ്ത ബിജെപിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യം വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥ ഇപ്പോൾ ഇല്ല. സർക്കാർ സംവിധാനങ്ങൾ അതീവശ്രദ്ധയോടെ ഇടപെടുന്നുണ്ട്. ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കാൻ പണം തടസ്സമല്ല. കഴിഞ്ഞ മണ്ഡലകാലത്തിന്റെ ആദ്യനാളുകളിൽ ശരാശരി 62,000 പേരായിരുന്നുവെങ്കിൽ ഇത്തവണ ഡിസംബർ ആറു മുതലുള്ള നാലുദിവസങ്ങളിൽതന്നെ തീർഥാടകരുടെ എണ്ണം ശരാശരി 88,000 ആയി. ഇത് മനസ്സിലാക്കി ദർശനസമയം ഒരു മണിക്കൂർ കൂട്ടി.
സ്പോട്ട് ബുക്കിങ് വഴി ഏകദേശം 20,000 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി 5000 പേർ വന്നു. എല്ലാംചേർത്ത് ഒരുദിവസം 1,20,000- ത്തിലധികം തീർഥാടകർ എത്തുകയാണ്. പൊതു അവധി ദിവസങ്ങളിൽ തിരക്ക് വല്ലാതെ വർധിച്ചു. ഇതിന്റെഫലമായി ശബരിമലയിൽ എത്താൻ കൂടുതൽസമയം വേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷം 16,070 പോലീസുകാരെയാണ് വിന്യസിച്ചത്. ഇത്തവണ 16,118 പോലീസുകാരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ചില മാധ്യമങ്ങളും ബിജെപി, കോൺഗ്രസ് നേതാക്കളും പറയുന്നത് വെറും 600 പോലീസുകാർ മാത്രമാണ് ശബരിമലയിൽ ഉള്ളതെന്നാണ്.യുഡിഎഫിന്റെ ഭരണകാലത്താണ് പുല്ലുമേട്ടിൽ 102 തീർത്ഥാടകർ മരിച്ചത്.അന്നുപോലും ഇടതുപക്ഷം ഇതൊരു രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിച്ചിട്ടില്ല.ഇതൊന്നും ആരും മറക്കരുത് – പിണറായി വിജയൻ പറഞ്ഞു.