IndiaNEWS

നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: ‘സെലിബ്രിറ്റികളെ പലരും മാതൃകയാക്കുന്നുണ്ട്, പൊതുസ്ഥലത്ത് മര്യാദ പാലിക്കണം’

   ചെന്നൈ: അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷയെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തെങ്കിലും, കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ച് മന്‍സൂര്‍ അലി ഖാന്‍ കോടതിയെ സമീപിച്ചു.

Signature-ad

തൃഷ, ദേശീയ വനിതാ കമ്മീഷന്‍ അംഗം കൂടിയായ നടി ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലിഖാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ഒടുവിൽ വെളുക്കാൻ തേച്ചത് പണ്ടായി. നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ മന്‍സൂര്‍ അലി ഖാനെ മദ്രാസ് ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. പരാതിയുമായി മുന്നോട്ട് പോകേണ്ടതും മാനനഷ്ടക്കേസ് കൊടുക്കേണ്ടതും തൃഷ ആണെന്ന് കോടതി പറഞ്ഞു. വാക്കാലുള്ള പരാമര്‍ശമായിരുന്നു കോടതിയുടേത്.

പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും കോടതി മന്‍സൂര്‍ അലി ഖാനെ ഓര്‍മിപ്പിച്ചു. സെലിബ്രിറ്റികളെ പലരും മാതൃകയാക്കുന്നുണ്ടന്നും അതു ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി താങ്കള്‍ വിവാദങ്ങളില്‍ പെടുന്നുണ്ടെന്നും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചതെന്നും കോടതി നടനോട് ചോദിച്ചു.

അതിനിടെ, കേസില്‍ ഇരയാക്കപ്പെട്ടയാള്‍ താനാണെന്നും താന്‍ അതുവിട്ട് സമാധാനത്തോടെ ഇരിക്കുമ്പോള്‍ അദ്ദേഹം വീണ്ടും കേസുമായി വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും തൃഷയ്ക്കുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസ് ഡിസംബര്‍ 22ലേക്ക് മാറ്റി.

Back to top button
error: