കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റ് പറ്റാമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാകണമെന്നും റിട്ടയേർഡ് ജസ്റ്റീസ് കുര്യൻ ജോസഫ്. ഇത് മാർപാപ്പയെ ബോധിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയണമെന്നും കുര്യൻ ജോസഫ് പറഞ്ഞു. കാര്യങ്ങൾ മാർപ്പാപ്പയെ അറിയിക്കാൻ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന് കഴിയട്ടെ എന്നും ജസ്റ്റീസ് കൂട്ടിച്ചേർത്തു. എറണാകുളം അങ്കമാലി അതിരൂപത ഹയരാർക്കിയുടെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്.
അതേ സമയം, ഏകീകൃത കുർബാനയിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകാനാകില്ലെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷബ് ബോസ്കോ പുത്തൂർ നിലപാട് വ്യക്തമാക്കിയിരുന്നു. മാർപ്പാപ്പയുടെ തീരുമാനം അനുസരിക്കണം. ഏറ്റുമുട്ടലിനില്ലെന്നും ചർച്ചയിലൂടെ സമവായം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ബിഷപ് പ്രതികരിച്ചു. ഡിസംബർ 25നകം എറണാകുളം അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പ നൽകിയ അന്ത്യശാസനം. മാർപ്പാപ്പയുടെ തീരുമാനം അന്തിമമാണെന്നും അത് നടപ്പാക്കുക എന്നതാണ് തന്‍റെ ചുമതലയെന്നും പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ് ജോസ്കോ പുത്തൂർ പറഞ്ഞു.
ക്രിസ്മസിന് ഏകീകൃത കുർബാന നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെന്ർറ് മേരീസ് ബസലിക്ക പള്ളി തുറക്കാൻ ശ്രമം തുടരും. മൈനർ സെമിനാരി അടഞ്ഞുകിടക്കുന്നത് ഖേദകരമാണ്. പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചുമതലയേറ്റെടുത്തതെന്നും ബിഷപ് പറഞ്ഞു. ബിഷപ്പിന്‍റെ നിർദ്ദേശങ്ങളോട് വിഘടിത വൈദികരും വിശ്വാസ സമൂഹവും ഇതുവരെ നിലപാട് പറഞ്ഞിട്ടില്ലെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു.