കൂത്തുപറമ്പിനടുത്ത് നിര്‍മലഗിരിയിലെ കശുമാവിന്‍ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നിര്‍മലഗിരിയിലെ നാമത്ത് ഫാമിന് സമീപം പുതിയ വീട്ടില്‍ ദിനേശന്റെ (53) മൃതദേഹമാണ് ദുരൂഹത പരത്തി കശുമാവിന്‍ തോട്ടത്തില്‍ കാണപ്പെട്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത കൂത്തുപറമ്പ് പൊലീസ്
മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി. കൂത്തുപറമ്പ് സിഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച വൈകുന്നേരമാണ് നിര്‍മലഗിരി കുറുമ്പുക്കലില്‍ ദിനേശന്റെ മൃതദേഹം കണ്ടെത്തിയത്. ‘മൈ ലൈഫ് സ്‌റ്റൈല്‍’ കംപനിയുടെ സെയില്‍സ് പ്രമോട്ടറായിരുന്നു ഇയാൾ.
കഴിഞ്ഞ ദിവസം മുതല്‍ ദിനേശനെ കാണാതായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു..
പുഷ്പയാണ് ഭാര്യ. മക്കള്‍: പ്രത്യുഷ് (ദുബൈ), ദീക്ഷിത്. സഹോദരങ്ങള്‍: സുരേഷ് ബാബു, ജയലക്ഷ്മി, വിജയ ലക്ഷ്മി.