KeralaNEWS

കൈകളില്ലെങ്കിലും കാലുകള്‍ കൊണ്ട്  ഡ്രൈവിങ് പഠിച്ചു, നിയമതടസ്സങ്ങൾക്ക് ഒടുവില്‍ ജിലുമോള്‍ക്ക് ലൈസന്‍സ് ലഭിച്ചു, കൈമാറിയത് മുഖ്യമന്ത്രി പിണറായി വിജയന്‍

         കൈകളില്ലെങ്കിലും കാലുകള്‍ ഉപയോഗിച്ച് ഡ്രൈവിങ് പഠിച്ച ഇടുക്കി സ്വദേശിനി ജിലുമോള്‍ക്ക് ഒടുവില്‍ ലൈസന്‍സ് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജിലുമോള്‍ക്ക് ലൈസന്‍സ് കൈമാറിയത്. സംസ്ഥാന ഭിന്ന ശേഷി കമ്മീഷനാണ് ജിലുമോള്‍ക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസങ്ങളും മാറ്റി ലൈസന്‍സ് ലഭിക്കുന്നതിനുവേണ്ടി ഇടപെട്ട് പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് പരേതരായ എന്‍വി തോമസ് – അന്നക്കുട്ടി ദമ്പതികളുടെ ഇളയമകളായ ജിലുമോള്‍ക്ക് ജന്മനാ ഇരുകൈകളുമില്ലായിരുന്നു. ഇരു കൈകളുമില്ലാതെ ഏഷ്യയില്‍ ആദ്യമായി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്ന വ്യക്തിയാണ് ജിലു മോള്‍. ആറ് വര്‍ഷത്തെ കഠിന പ്രയത്‌നം വേണ്ടിവന്നു ഡ്രൈവിങ്ങ് പൂര്‍ണമായും പഠിച്ചെടുക്കാന്‍. ഡ്രൈവിങ് പഠനം കഴിഞ്ഞ് ലൈസന്‍സിനായി അപേക്ഷിച്ചപ്പോള്‍ നിയമപരമായ ഒരുപാട് തടസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Signature-ad

തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്. ഇതേതുടര്‍ന്ന് കാറില്‍ രൂപ മാറ്റം വരുത്താന്‍ മോടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി. രൂപമാറ്റം വരുത്തിയ കാറില്‍ കാലുകള്‍ ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാന്‍ പഠിച്ചെങ്കിലും വീണ്ടും നിയമപരമായ തടസങ്ങള്‍ വന്നു. ഒടുവില്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷന്‍ ഇടപെട്ടാണ് ജിലുമോളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. മാരുതി കാറില്‍ കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്‍ട്രോള്‍ സംവിധാനം സജ്ജമാക്കിയാണ് തടസങ്ങള്‍ നീക്കിയത്.

Back to top button
error: