KeralaNEWS

റെജിയുമായുള്ള സാമ്പത്തിക തർക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യയ്ക്കും മകൾക്കും കേസിൽ പങ്കില്ലെന്നും മൊഴി

 ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് പിടികൂടിയത് ഒരു കുടുംബത്തിലെ മൂന്ന് പേർ. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരാണ് സംഭവം നടന്ന് അഞ്ചാം ദിവസം പിടിയിലാത്.

കേസില്‍ പിടിയിലായ മൂവരെയും അടൂര്‍ എ.ആര്‍ ക്യാമ്പിലെത്തിച്ചു.
ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള വ്യക്തത ലഭിച്ചിട്ടില്ല. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍. എ.ഡി.ജി.പി, എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ ക്യാമ്പിലെത്തി മൂവരെയും ചോദ്യംചെയ്യുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന്റെ പിന്നിലെ കാരണമടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദമായി ചോദിച്ചറിയും.

Signature-ad

പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കുട്ടിയുടെ അച്ഛൻ റെജിയുമായുള്ള സാമ്പത്തിക  തർക്കമാണത്രേ കാരണം. അനുപമയുടെ നെഴ്സിംഗ് പഠനത്തിനു നൽകിയ പണം തിരിച്ച് നൽകാത്തതാണ് കൃത്യത്തിന് പിന്നിലെന്നാണ് പത്മകുമാർ പറയുന്നത്.

കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.

ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ കിടന്ന സ്വിഫ്റ്റ് ഡിസയര്‍ കാറാണോ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. നീലനിറത്തിലുള്ള മറ്റൊരു കാർ തെങ്കാശിയിൽനിന്നും പിടികൂടി.  പദ്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞ് കഴിഞ്ഞത് എന്നതടക്കമുള്ള വിവരങ്ങളും പോലീസ് ഇവരില്‍നിന്ന് തേടും.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രേഖാ ചിത്രം ശ്രദ്ധയിൽപ്പെട്ട അയിരൂർ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പൊലീസിനു വിവരം നൽകി. ഈ വിവരങ്ങൾ നിർണായകമായി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത് .

 ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചു.

പട്ടാപ്പകല്‍ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം കേരളം മുഴുവൻ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പോലീസും നാട്ടുകാരും ഉടന്‍തന്നെ വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ക്ക് കൊല്ലം നഗരത്തില്‍ എത്താന്‍ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

Back to top button
error: