KeralaNEWS

നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസിന് പരാതി

കൊച്ചി: നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസിന് പരാതി. അപകടത്തിന് ഉത്തരവാദി കൃത്യമായ സുരക്ഷ ഒരുക്കാത്ത കുസാറ്റ് വിസിയാണെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിലെ അഭിഭാഷകനായ സുഭാഷ് എം കളമശ്ശേരി പൊലീസിന് പരാതി നൽകിയത്. പൊലീസിന്റെ അനുമതിയില്ലാത്തതും, മതിയായ സുരക്ഷയൊരുക്കാതെയുമാണ് പരിപാടി നടത്താൻ വിസി അനുമതി നൽകിയത്. അതിനാൽ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദികൾ വൈസ് ചാൻസിലറടക്കം കുസാറ്റ് അധികൃതരാണ്. ഇവ‍ർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം, കുസാറ്റിൽ മരിച്ച നാല് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസമുണ്ടായി. മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലും പരിക്കേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുളള 24 പേരെ ഡിസ്ചാർജ് ചെയ്യാൻ കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ തീരുമാനമായി. ഐസിയുവിൽ കഴിയുന്ന മൂന്നുപേരിൽ ഒരാളെയും മാറ്റും. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം. 10 പേർ ആശുപത്രിയിൽ തുടരും.

Signature-ad

കൊച്ചി സർവ്വകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിൻറെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് മരണമടഞ്ഞത്. രണ്ടാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ സംഘടപിച്ച ടെക്ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയ്യേറ്ററിൽ സംഘടിപ്പിച്ച സംഗീത നിശയിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾ കയറി നിറഞ്ഞ ആംഫീ തീയ്യേറ്ററിലേക്ക് റോഡരുകിൽ നിന്നവർ മഴവന്നപ്പോൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. തീയ്യേറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടിൽ നിന്നവർ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു. അവരുടെ മുകളിലേക്ക് കൂടുതൽ ആളുകകൾ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാർത്ഥികൾ മരിച്ചത്.

Back to top button
error: