KeralaNEWS

ഉഡായിപ്പിന്റെ ‘റോബിൻ’ സർവീസുകൾ

18000 രൂപയുടെ ഡീസൽ,വഴിയിലെ ടോളും ജീവനക്കാരന്റെ ശമ്പളവും ഉൾപ്പെടെ രൂപ 4000.സ്പെയർ പാർട്സ് മുതൽ ഇൻഷുറസ് വരെയുള്ള ചിലവ് കൂടി ദിവസേന വീതിച്ചാൽ ഏകദേശം 25000 രൂപ യോളം പ്രതിദിന ചിലവ്.
ആകെയുള്ള നാൽപ്പതോ നാല്പത്തിയഞ്ചോ സീറ്റിൽ കെഎസ്ആർടിസി ലോ ഫ്ലോർ എ സി യെക്കാൾ കൂടുതൽ കാശ് വാങ്ങിച്ചാൽ പോലും പരമാവധി  1500 രൂപ മുതൽ 3000 രൂപ വരെ മാത്രം ബാലൻസ് കിട്ടുന്ന ഒരു സർവീസിന് വേണ്ടി ഒരാൾ ഒരു ലക്ഷം രൂപ കൂളായി ഫൈൻ മേടിക്കുമോ…? അതും ഒന്നിന് പിറകെ ഒന്നായി പലതവണ..?!
ഡീസലിന്റെയും സ്പെയർ പാർട്സുകളുടെയും വിലവർധനയിൽ ബസ് വ്യവസായം തന്നെ പ്രതിസന്ധി നേരിടുമ്പോൾ കേവലം ഒരു ബസ് സർവീസിന്റെ പേര് പറഞ്ഞു കോടതികളിൽ കേസ് നടത്തിപ്പിനായി ഇത്രയും തുക ഒരാളുടെ പേരിൽ മുടക്കുമ്പോൾ ചെറിയൊരു സംശയം പോലും മനസ്സിൽ തോന്നാത്ത വിധം അത്രയും നിഷ്കളങ്കരാണോ നിങ്ങൾ..?
എങ്കിൽ നിങ്ങളുടെ തലച്ചോറ് ചില്ലിട്ടു ഫ്രെയിം ചെയ്തു വെക്കണം..അതും പത്തു മുപ്പതു കൊല്ലം ബസ് വ്യവസായത്തിൽ നിറഞ്ഞും നീന്തിയും നടന്നൊരാൾ സ്റ്റേജ് കാര്യേജ് കോൺട്രാക്ട് കാര്യേജ് വത്യാസം അറിയാത്ത വണ്ണം മനോഹരമായി അഭിനയിക്കുമ്പോൾ പ്രത്യേകിച്ചും…!
         സിനിമയിലെ സീൻ എന്ന വണ്ണം മുൻപിലെ ഫ്രെയിമിൽ സുരേഷ് ഗോപി സ്റ്റൈലിൽ ഡയലോഗ് അടിക്കുന്ന ആളിലേക്ക് അല്ല കണ്ണുകൾ പോകേണ്ടത്.. പുറകിൽ.. ഇതിന് തിരക്കഥ എഴുതുകയും ആളും അർഥവും കൊടുക്കുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ട്.. അവരുടെ താല്പര്യങ്ങൾ ആണ് ഇന്ന് എപ്പിസോഡ് ബൈ എപ്പിസോഡ് ആയി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്..ഇപ്പോൾ നമ്മൾ വായിക്കുന്ന പേര് ഒക്കെ സഹതാപ സാമുദായിക തരംഗങ്ങൾക്ക് വേണ്ടി ഉള്ള കരുതിക്കൂട്ടിയുള്ള പ്രോപഗണ്ട മാത്രം..
ചില്ലിട്ട കൊട്ടാരങ്ങൾ എന്ന പോലെയുള്ള ബസുകളുമായി നാട്ടിൽ നിയമപരമായും ഒളിഞ്ഞും തെളിഞ്ഞും അത് തെറ്റിച്ചും സർവീസ് നടത്തുന്ന ഒരു വിഭാഗമുണ്ട്.കല്യാണത്തിന് പോകുന്ന പാവം ടൂറിസ്റ്റ് ബസുകൾ അല്ല.. ലക്ഷ്വറി ബസുകളുടെ ഏറ്റവും എലൈറ്റ് വിഭാഗം. ഒന്ന് കാലെടുത്തു വെക്കണം എങ്കിൽ സാധാരണക്കാരൻ രണ്ടു പ്രാവശ്യം പോയിട്ട് വരേണ്ട പൈസ കൊടുക്കേണ്ട ബസുകൾ.അവർക്ക് വേണ്ടി അവരുടെ വരവിന് വേണ്ടി കൂലിക്കെടുത്ത ആൾ മാത്രമാണ് നമ്മളിൽ ചിലർ ആഘോഷിക്കുന്ന മുതലാളി. യഥാർത്ഥ മുതലാളിമാർ പുറകിൽ ചിയേർസ് പറഞ്ഞു ചിരിക്കുന്നുണ്ട്..
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്‌ എന്ന AITP നിയമത്തെ വളച്ചൊടിച്ച് KSRTC യും പ്രൈവറ്റ് ബസും അടങ്ങുന്ന പൊതുഗതാഗത മേഖലയെ അപ്പാടെ തകർക്കാൻ ശ്രമിക്കുന്ന  ഗൂഢാലോചനയുടെ പ്രസക്ത രംഗങ്ങൾ മാത്രമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
1989 ലെ മോട്ടോർ വാഹന നിയമം തന്നെ ആണ് ഇന്ന് കേരളവും തമിഴ്നാടും ഉൾപ്പെടെ പിന്തുടരുന്ന പേരന്റ് ആക്ട്. അതിനെ കേവലം റൂൾ കൊണ്ട് മറികടക്കാൻ ആവില്ല എന്നതും അറിയാത്തതല്ല..
കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് കേവലം 15 കിലോമീറ്റർ സർവീസ് നടത്തണമെങ്കിൽ പോലും ഒരു സാധാരണ പ്രൈവറ്റ് ബസുകാരന് കലക്ടറുടെ അധ്യക്ഷതയിൽ ഉള്ള RTA ബോർഡിന്റെ അനുമതി വരെ വേണം എന്നിരിക്കെ AITP നിർദേശങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്ത സ്റ്റേജ് കാരിയേജ് ആയി സർവീസ് നടത്തുന്നതിന് ദീർഘദൂര സർവീസുകൾക്കും അന്തർ സംസ്ഥാന സർവീസുകൾക്കും വേണ്ടിയുള്ള നിയമത്തെ വെല്ലുവിളിച്ചു ഒരാൾ തുനിഞ്ഞിറങ്ങുന്നുവെങ്കിൽ, ഉറപ്പായും അയാൾ കളിക്കുന്നത് തിരശീലയ്ക്ക് പിറകിലെ വലിയൊരു ഗൂഡാലോചനയുടെ തിരക്കഥയുടെ ഭാഗമായി തന്നെയാണ്..
വിലപറയപ്പെട്ട ആൾക്കൂട്ടങ്ങൾക്കും വിലയ്ക്ക് എടുക്കപ്പെട്ട ഒരു കൂട്ടം യാത്രക്കാർക്കും അവർക്കൊപ്പം ചലിക്കുന്ന ചില മാധ്യമങ്ങൾക്കും സൃഷ്ടിക്കാൻ സാധിക്കുന്ന പൊതു ബോധനിർമിതി അത്രമേൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
ചില അവസരവാദികളും വിഘടന വാദികളും അവ ഉപയോഗിക്കുവാൻ ശ്രമിക്കുകയും ചെയ്യും.അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും.
കെഎസ്ആർടിസിക്ക് എതിരെ ഉള്ള കളി എന്ന നിലയിൽ ഗ്യാലറിയിൽ ഇരുന്ന് കളി കണ്ടിരുന്ന പ്രൈവറ്റ് ബസ് മേഖലയിൽ ഉള്ളവർക്ക് ഇപ്പോൾ തിരിച്ചറിവ് വന്നു തുടങ്ങിയിട്ടുണ്ട്.സർക്കാർ സംരക്ഷിത മേഖലയായ KSRTC ക്കും വളരെ മുൻപേ കുഴിക്കേണ്ടി വരിക  സ്വന്തം കുഴി തന്നെ ആണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു..
KSRTC യെയും പ്രൈവറ്റിനെയും ബാധിച്ചാൽ ഞങ്ങൾക്ക് എന്ത് എന്ന് ചോദിക്കുന്ന നിഷ്പക്ഷ നിർഗുണ ഫാൻസ്‌ ടീമിനോട്‌ ആണ്..
പൊതു ഗതാഗതം തകരുന്നതോടെ സർവീസ് സെക്ടറിൽ നിന്ന്  സർക്കാരാകും ആദ്യം പിന്മാറുക.കാരണം ഇന്നത്തെ സാഹചര്യത്തിൽ അവർക്കതാണ് ലാഭം.
ഒരു ചായക്കാശിനേക്കാൾ ചെറിയ ചിലവിൽ തുടങ്ങുന്ന യാത്ര ടിക്കറ്റുകൾ അപ്പോൾ തന്നെ ഇല്ലാതാകും.പകരം യാത്ര ചെയ്യേണ്ട തുക നാളെ അവർ തീരുമാനിക്കും…ദീർഘ ദൂര യാത്രകൾ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാകും..അന്ന് അവർ കർട്ടന് പിന്നിൽ ആവില്ല.. മുൻപിൽ ആയിരിക്കും..ഈ നാട്ടിലെ യാത്രാ സംവിധാനങ്ങളെ വെല്ലു വിളിച്ചുകൊണ്ടും നിയന്ത്രിച്ചു കൊണ്ടും..
ഇന്നത്തെ ഫാൻസിന് പഴയ പെട്രോൾ സമരക്കാരുടെ അവസ്ഥയായിരിക്കും അന്ന്.ഓരോ ദിവസവും കൂടി കൂടി മുകളിലോട്ട് പോകുമ്പോളും ഉള്ളിൽ ചീത്ത വിളിച്ചു കൊണ്ട് പെട്രോൾ അടിക്കുന്ന അവരുടെ അതേ അവസ്ഥ.. ബസിനുള്ളിൽ ഒരു കുടുംബം യാത്രക്കായി കയറുമ്പോഴേ പോക്കറ്റ് കാലിയാകുന്ന അവസ്ഥ..
അതുകൊണ്ട് Mvd യെ ചീത്തവിളിച്ചും, ഇല്ലാത്ത കോടതി വിധിയിലെ നിയമങ്ങൾ പറഞ്ഞും, അവർ വരേണ്ടത്തിന്റെ ആവശ്യകതക്കായി വല്ലാതെ വാദിച്ചും
പതിവ് കലാപരിപാടികൾ തുടരുക..അവർ വരട്ടെ…
പൊതു ഗതാഗതത്തിന് ചരമക്കുറിപ്പ് എഴുതട്ടെ..
നിയമപരമായി തടയാൻ ഈ നാട് ശ്രമിച്ചു കൊണ്ടേയിരിക്കും.
Anoop Ayyappan

Back to top button
error: