മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അന്ന ചാക്കോ. സ്റ്റാർ മാജിക്കിലെ ചുരുണ്ട മുടിയുള്ള പെൺകുട്ടി എന്ന് പറഞ്ഞാലാകും ഒരുപക്ഷെ കൂടുതൽ പേർക്ക് അന്നയെ മനസ്സിലാവുക. അവതാരകയായും നടിയായുമൊക്കെ വിവിധ ടെലിവിഷൻ പരിപാടികളിലും ഷോർട്ട് ഫിലിമുകളിലുമൊക്കെ എത്തിയിട്ടുള്ള അന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ഇന്ന് ഷോയിലെ സ്ഥിര സാന്നിധ്യമായ ഒരാളാണ് അന്ന ചാക്കോ. സ്‌ക്രീനിൽ അടിപൊളി കൗണ്ടറുകളുമൊക്കെയായി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ അന്നയ്ക്ക് സാധിക്കാറുണ്ട്. എന്നാൽ അന്നയുടെ യഥാർത്ഥ ജീവിതം അത്ര ചിരി നിറഞ്ഞതല്ല. ജോഷ് ടോക്സിൽ സംസാരിക്കുകയായിരുന്നു നടി.
സമാധാനം അറിയാത്ത കുട്ടിക്കാലം ആയിരുന്നു എന്റേത്. അച്ഛൻ ഇങ്ങനെ ആയതുകൊണ്ടും, അമ്മയ്ക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടും എന്റെ സ്‌കൂൾ കാലം മോശമായിരുന്നു. ഞാൻ എന്താണ് ചെയ്യുന്നത്, എന്റെ മുഴുവൻ പേരോ ഒന്നും അച്ഛന് ഇപ്പോഴും അറിയില്ല. അതുകൊണ്ടുതന്നെ വീട് നോക്കുന്നത് അമ്മ ആയിരുന്നു. ഞങ്ങളെ വീട്ടിൽ പൂട്ടിയിട്ടിട്ട് ജോലിക്ക് പോയിട്ടുണ്ട് അമ്മ. അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികൾ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഞാൻ ഉപയോഗിച്ചത്.
ഒന്നും ഇല്ലാതിരുന്ന സാഹചര്യങ്ങളിൽ പോലും അമ്മ ഞങ്ങളെ നോക്കുമായിരുന്നു. അങ്ങനെ കുറെ അവസ്ഥകൾ തരണം ചെയ്താണ് ടീനേജിലേക്ക് കടന്നത്. ബോഡി ഷെയ്‌മിങ്ങിന്റെ എക്സ്ട്രീം അനുഭവിച്ച ആളാണ് ഞാൻ. എന്റെ തലമുടി ഇങ്ങനെ ഇരിക്കുന്നത് കാരണം നീഗ്രോ, കാപ്പിരി തുടങ്ങിയ പേരുകൾ ആയിരുന്നു എനിക്ക്. പാനിക്ക് അറ്റാക്ക് ഏഴാം വയസ്സിൽ ഉണ്ടായ ആളാണ് ഞാൻ. ഡിഗ്രിക്ക് എറണാകുളത്ത് പഠിക്കുന്ന സമയത്ത് പാർട്ടി ടൈം ജോലികൾക്കും പോകുമായിരുന്നു- ജോഷ് ടോക്കിൽ അന്ന പറയുന്നു.
കുടുംബം പുലർത്താനായി ചെറിയ പ്രായത്തിൽ തന്നെ പണിക്ക് പോയി തുടങ്ങിയ ആളാണ് താനെന്നും ഇന്നും അമ്മ കൂലി പണിക്ക് പോകുന്നുണ്ടെന്നും എന്തൊക്കെ സംഭവിച്ചാലും ജീവിതത്തിൽ തളരില്ല മുൻപോട്ട് പോകുമെന്നും അന്ന പറയുന്നു.