KeralaNEWS

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: പലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഫൗണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണ്. എന്തിന് വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പലസ്തീന് വേണ്ടി മാത്രം ഉള്ള പരിപാടിയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആര്യാടൻ ഫൗണ്ടേഷനാണ് പരിപാടി നടത്തുന്നത്. കെപിസിസി വിലക്ക് ലംഘിച്ചാണ് ആര്യാടൻ ഫൗണ്ടേഷൻ പരിപാടി നടത്തുന്നത്.

കെപിസിസിയുടെ കത്ത് കിട്ടി. ഇന്ന് തന്നെ കത്തിന് മറുപടി നൽകും. വ്യക്തതയും വരുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കെപിസിസിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ചില നേതാക്കൾ പിൻമാറിയെങ്കിലും സാമുദായിക നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. മുജാഹിദ് നേതാവ് ഹുസൈൻ മടവൂരും സമസ്ത പ്രതിനിധിയായി ഡോ മുഹമ്മദ് നദ് വിയും പരിപാടിക്ക് എത്തിയിരുന്നു.

Signature-ad

കെപിസിസി മുന്നറിയിപ്പിനെ തുടർന്ന് പരിപാടിയിൽ നിന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറിയിരുന്നു. പങ്കെടുത്താൽ നടപടി ഉണ്ടാകുമെന്ന കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് നേതാക്കൾ വിട്ടുനിന്നത്. പലസ്തീൻ ഐക്യ‍ദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറുന്നില്ലെന്ന് ആര്യാടൻ ഷൗക്കത്ത് ഇന്നലെ ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദേശം കിട്ടിയിട്ടില്ല. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു. കെപിസിസി കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിലിറക്കിയ വാർത്താക്കുറിപ്പിൽ ആര്യാടൻ ഷൗക്കത്ത് പറയുന്നു.

Back to top button
error: