മുംബൈ: അക്ഷരാർത്ഥത്തിൽ ലങ്കാദഹനം നടത്തി ഇന്ത്യ.ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ ഉയര്‍ത്തിയ 358ന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 55 റണ്‍സിന് ഓൾ ഔട്ട് ആകുകയായിരുന്നു.
302 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.ഒരവസരത്തിൽ 3/4 എന്ന നിലയിലായിരുന്നു ശ്രീലങ്ക.പിന്നീടത് 29/8 ആയി.19.4 ഓവറിലായിരുന്നു ലങ്കയുടെ പതനം.
ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ ശ്രീലങ്കന്‍ മുന്‍നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്താകുകയായിരുന്നു. ബുംമ്ര എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടമുണ്ടായി. ശ്രീലങ്കയ്‌ക്കെതിരെ ഏഷ്യാകപ്പ് ഫൈനലില്‍ സിറാജ് നടത്തിയ പ്രകടനത്തിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇന്നും. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ലോകകപ്പില്‍ മിന്നുന്ന ഫോം തുടരുന്ന മുഹമ്മദ് ഷമി 5 വിക്കറ്റ് നേടി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുക്കുകയായിരുന്നു.
92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തു.ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സും ജഡേജ 24 പന്തില്‍ 35 റണ്‍സുമെടുത്തു.