മുണ്ടക്കയത്തിനടുത്ത് കോരുത്തോട് കുഴിമാവ് സ്വദേശിയായ യുവാവ് തലയ്ക്കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന്‍ അനുദേവന്‍ (45) ആണ് മരിച്ചത്. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ അമ്മ സാവിത്രിയെ (68) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇക്കഴിഞ്ഞ 20നാണ് സംഭവം. കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞാണ് മാതാവും ബന്ധുക്കളും ചേര്‍ന്ന് അനുദേവനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് (തിങ്കൾ) രാവിലെയാണ് ഇയാൾ മരിച്ചത്.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സാവിത്രിയെ ചോദ്യം ചെയ്തു. സ്ഥിരം മദ്യപിച്ച് എത്തി മകൻ തന്നെ ഉപദ്രവിച്ചിരുന്നു എന്നും വെള്ളിയാഴ്ച മദ്യലഹരിയിൽ എത്തി ഉപദ്രവിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ചു എന്നും സാവിത്രി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.