കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സിപിഎം നേതാവ് പിവി അരവിന്ദാക്ഷന്റെ ജാമ്യ ഹർജിയിൽ ഈ മാസം 19ന് വാദം തുടരും. ഇന്ന് നടന്ന വാദത്തിൽ ഇഡി അന്വേഷണത്തെ കുറ്റപ്പെടുത്തി അരവിന്ദാക്ഷൻ കോടതിയിൽ വാദിച്ചപ്പോൾ, ഇഡി ഉദ്യോഗസ്ഥർ അരവിന്ദാക്ഷനും കുടുംബവും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.
അമ്മക്ക് ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്ന ഇഡി വാദം തെറ്റെന്ന് അരവിന്ദാക്ഷന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ശ്രീജിത്തിന്റെ അമ്മ ചന്ദ്രമതിയെ ഇഡി അരവിന്ദാക്ഷന്റെ അമ്മയാക്കി. ചന്ദ്രമതിയുടെ മേൽവിലാസം പോലും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചില്ല. പിവി അരവിനാക്ഷനെ സതീഷ് കുമാറുമായി ബന്ധപ്പെടുത്തിയുള്ള ഇഡിയുടെ കണ്ടെത്തലുകൾ തെറ്റാണ്. കേരളത്തിലെ സഹകരണ മേഖലയെയാകെ ഈ അന്വേഷണത്തിലൂടെ തകർക്കാനാണ് ശ്രമം. ഇഡി ഇതിനായി നിയോഗിക്കപ്പെട്ടത് പോലെയാണ് പ്രവർത്തിക്കുന്നതെന്നും അരവിനാക്ഷന്റെ അഭിഭാഷകൻ വാദിച്ചു.
അരവിന്ദാക്ഷൻ കുടുംബാംഗങ്ങളുടെ ശരിയായ അക്കൗണ്ട് വിവരങ്ങൾ തന്നില്ലെന്ന് ഇഡി കോടതിയിൽ കുറ്റപ്പെടുത്തി. അമ്മയുടെ അക്കൗണ്ട് സംബന്ധിച്ചും അരവിന്ദാക്ഷൻ കൃത്യമായ വിവരങ്ങൾ നൽകിയില്ല. തങ്ങൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കുകയാണെന്നും പെരിങ്ങണ്ടൂർ ബാക്ക് സെക്രട്ടറിയെ ഇതിനായി ചോദ്യം ചെയ്തെന്നും ഇഡി അഭിഭാഷകൻ വാദിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ പെരിങ്ങണ്ടൂർ ബാക്ക് സെക്രട്ടറി പലപ്പോഴും സഹകരിച്ചില്ലെന്നും ഇഡി അഭിഭാഷകൻ പറഞ്ഞു.