KeralaNEWS

കൊച്ചിയില്‍ പെരുമഴ, വെള്ളക്കെട്ട്, അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ  പ്രവചനം, 9 ജില്ലകളിൽ യെല്ലോ അലർട്ട്

   കൊച്ചിയില്‍ കനത്ത മഴ. കലൂര്‍, എംജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകുന്നേരം  ആരംഭിച്ച മഴ, രാത്രിയോടെ ശക്തമായി. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ഇത്.

Signature-ad

തുലാവർഷത്തിനു മുന്നോടിയായുള്ള മഴയാണ് ഇപ്പോൾ കിട്ടുന്നത്. അടുത്ത ആഴ്ചയോടെ തുലാ വർഷം തുടങ്ങിയേക്കും.

തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിൽക്കുന്നു. ഇതിന്റെ സ്വാധീനമാണ് ശക്തമായ മഴയ്ക്കു കാരണം. ലക്ഷദ്വീപ് തീരത്തു മത്സ്യ ബന്ധനത്തിനു വിലക്കുണ്ട്.

 തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 17ഓടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം മുതല്‍ വയനാട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

പ്രത്യേക ജാഗ്രത നിർദ്ദേശം

കനത്ത മഴ തുടർന്നാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യത. അതിനാൽ ജനങ്ങൾ ​ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള  തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക..

Back to top button
error: