പത്തനംതിട്ട:കെഎസ്ആർടിസിയുടെ കത്രികപൂട്ട് പൊളിച്ച് റോബിൻ വീണ്ടും കളത്തിൽ.16-ാം തീയതി മുതൽ പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ ബസ് വീണ്ടും സർവീസ് നടത്തും.
പത്തനംതിട്ട–കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ച ‘റോബിൻ’ എന്ന സ്വകാര്യ ഇന്റർസ്റ്റേറ്റ് ബസിനെതിരെ കെഎസ്ആർടിസിയുടെ പരാതിയിൽ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തെങ്കിലും ബസിന് സർവീസ് നടത്താമെന്ന് കോടതി അറിയിച്ചതോടെ വീണ്ടും സർവീസിനൊരുങ്ങുകയാണ് റോബിൻ ബസ്.
ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ് എന്ന ബോർഡ് വച്ചു അനധികൃതമായി സർവീസ് നടത്തുകയാണെന്നും ബസ് സർവീസ് തടയണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി പരാതി നൽകിയിരുന്നത്.ബസ് കോൺട്രാക് കാര്യേജ് കളർകോഡ് പാലിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് വ്യവസ്ഥകളിൽ പെർമിറ്റ് രാജ് അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ മേയ് ഒന്നിന് മാറ്റം കൊണ്ടുവന്നിരുന്നു.ഇത് പ്രയോജനപ്പെടുത്തി കൂടുതൽ സ്വകാര്യ ബസുകൾ ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ തയാറായി വന്നെങ്കിലും കെഎസ്ആർടിസി ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.ഇതോടെ റോബിൻ അടക്കമുള്ള ബസുകൾക്ക് താൽക്കാലികമായി സർവീസ് നിർത്തി വയ്ക്കേണ്ടിയും വന്നു.