SportsTRENDING

ഏകദിന ലോകകപ്പിൽ കളിക്കാൻ ഗില്ലിന് പകരക്കാരനെ തേടുന്നു? എന്നിട്ടും നമ്മുടെ ‘പയ്യൻ’ പുറത്ത്! പരിഗണനയിലുള്ളത് മറ്റ് രണ്ട് യുവതാരങ്ങൾ

ദില്ലി: ഏകദിന ലോകകപ്പ് തുടങ്ങിയിരിക്കെ ശുഭ്മാൻ ഗില്ലിന്റെ കാര്യത്തിൽ മാത്രമാണ് ഇന്ത്യക്ക് ആശങ്ക. ഡങ്കിപ്പനി കാരണം അദ്ദേഹത്തിന് ലോകകപ്പ് അരങ്ങേറ്റം നഷ്ടമായിരുന്നു. ഓസട്രേലിയക്കെതിരെ ആദ്യ മത്സരത്തിൽ ഗില്ലിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. പകരം ഇഷാൻ കിഷനാണ് ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത്. ബുധനാഴ്ച്ച അഫ്ഗാനിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമാകുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചിരുന്നു.

എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗില്ലിന് ശനിയാഴ്ച്ച പാകിസ്ഥാനെതിരായ മത്സരവും കളിക്കാനാവില്ല. കാരണം, ഡങ്കിപ്പനിയെ തുടർന്ന് അദ്ദേഹത്തിന് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും പിന്നാലെ താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. താരമിപ്പോഴും ചെന്നൈയിൽ തുടരുകയാണ്. ഗില്ലിന്റെ കാര്യം ടീം മാനേജ്‌മെന്റ് കാര്യമായി പരിഗണിക്കുന്നുണ്ട്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഗില്ലിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ദില്ലിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

Signature-ad

ഏതെങ്കിലും സാഹചര്യത്തിൽ ഗില്ലിന് പകരക്കാരനെ വേണമെന്ന് ടീം മാനേജ്‌മെന്റ് കരുതിയാൽ പകരക്കാരെ വിട്ടുകൊടുക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറുമാണ്. അങ്ങനെ വന്നാൽ യഷസ്വി ജെയ്‌സ്വാൾ അല്ലെങ്കിൽ റുതുരാജ് ഗെയ്കവാദ് എന്നിവരിൽ ഒരാളെ ടീമിലെടുക്കാനാണ് ആലോചിക്കുന്നത്. അപ്പോഴും മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നില്ലെന്നുള്ളതാണ് മറ്റൊരു കാര്യം.

ഗില്ലിന് പകരം ഓസ്ട്രേലിയക്കെതിരെ ഇഷാൻ കിഷനാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ കിഷൻ പുറത്തായിരുന്നു. എന്തായാലും അഫ്ഗാൻ, പാകിസ്ഥാൻ എന്നിവർക്കെതിരെ കിഷൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്തേക്കും. നാളെയാണ് അഫ്ഗാനെതിരായ മത്സരം. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ / മുഹമ്മദ് ഷമി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

Back to top button
error: