കള്ളപ്പണത്തിന്റെ അന്തകനാകുമെന്ന പ്രഖ്യാപനത്തോടെയെത്തിയ 2000 രൂപ നോട്ടാണ് അകാല ചരമമടഞ്ഞ് വിടവാങ്ങുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കറൻസികളില്‍ ഇത്രയേറെ പബ്ലിസിറ്റി കിട്ടിയ മറ്റൊരു നോട്ടുമില്ലെന്നതാണ് വാസ്തവം.
2016 നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിനൊപ്പമാണ് 2000 നോട്ടുകള്‍ പിറവിയെടുത്തത്. എന്നാല്‍ അകാല ചരമം പ്രാപിക്കാനായിരുന്നു 2000 നോട്ടിന്റെ വിധി. 2016 ല്‍ പുറത്തിറക്കിയ നോട്ടിന്റെ അച്ചടി പിന്നീട് ആര് ബി ഐ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ മെയ് 19 ന് രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിൻവലിക്കുന്നതായി ആര് ബി ഐ അറിയിച്ചത്.
അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകള്‍ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി അവസാനിച്ചെന്നിരിക്കെ പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ആര് ബിഐ.
3.43 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇതിനോടകം തിരിച്ചെത്തിയെന്നും പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നുമാണ് ആര് ബി ഐ അറിയിച്ചത്.