Social MediaTRENDING

മുഖംമൂടി ധരിച്ച് ഇരച്ചെത്തിയ നൂറോളം കൗമാരക്കാർ കടകള്‍ കൊള്ളയടിച്ച് ഐ ഫോണുകള്‍ കടത്തി! ആപ്പിളി​ന്റെ സെക്യൂരിറ്റി ഫീച്ചറുകൾക്ക് മുന്നിൽ പരാജയപ്പെട്ടവർ ഒടുവിൽ പലതും വഴിയിൽ ഉപേക്ഷിച്ചു

ഫിലാഡൽഫിയ: മുഖംമൂടി ധരിച്ച് ഇരച്ചെത്തിയ നൂറോളം കൗമാരക്കാർ ആപ്പിൾ സ്റ്റോർ ഉൾപ്പെടെയുള്ള കടകൾ കൊള്ളയടിച്ചു. അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് സംഭവം നടന്നത്. ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് തോക്ക് കണ്ടെടുത്തു. സംഭവത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുറത്തുവന്ന വീഡിയോയിൽ, ആപ്പിൾ സ്റ്റോറിലെ ഡിസ്പ്ലേ ടേബിളുകളിൽ ഐ ഫോണുകളും ഐ പാഡുകളും ചിതറിക്കിടക്കുന്നത് കാണാം. ആപ്പിൾ സ്റ്റോറിനു പുറമെ ഫുട്‌ലോക്കർ, ലുലുലെമൻ തുടങ്ങിയ സ്റ്റോറുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു.

ആൾക്കൂട്ടം കടകൾ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെക്യൂരിറ്റി ഫീച്ചറുകൾ ഉള്ളതിനാൽ മോഷ്ടിക്കപ്പെട്ട പല ആപ്പിൾ ഉൽപ്പന്നങ്ങളും പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഫുട് ലോക്കർ സ്റ്റോറിന് മുൻപിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടു. ഈ സംഭവം അല്ലാതെ മറ്റാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഫിലാഡൽഫിയ പൊലീസ് ഈ അപ്രതീക്ഷിത സംഭവത്തിന് പിന്നാലെ ശക്തമായ നടപടി ആരംഭിച്ചു. ഇരുപതോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരെ ദൃശ്യങ്ങൾ നോക്കി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. എങ്ങനെയാണ് ഇത്രയും കൌമാര പ്രായക്കാർ സംഘടിച്ചെത്തിയത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സിറ്റി ഹാളിലെ സമാധാനപരമായ ഒരു പ്രതിഷേധ യോഗത്തിന് പിന്നാലെയാണ് റിട്ടൻഹൗസ് സ്‌ക്വയറിന് സമീപം കടകൾ കൊള്ളയടിക്കൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം ഫിലാഡൽഫിയ പൊലീസ് ഓഫീസറുടെ വെടിയേറ്റ് മരിച്ച എഡ്ഡി ഇറിസാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇവർ സമാധാനപരമായി പിരിഞ്ഞുപോയതിനു പിന്നാലെയാണ് കവർച്ച നടന്നത്. എന്നാൽ പ്രതിഷേധക്കാരല്ല ഈ കവർച്ചയ്ക്ക് പിന്നിലെന്ന് ഫിലാഡൽഫിയ പൊലീസ് ഓഫീസർ ജോൺ സ്റ്റാൻഫോർഡ് വ്യക്തമാക്കി.

Back to top button
error: