മലയാളികളായ ഒരു സംഘം ജനിതക ശാസ്ത്രജ്ഞന്‍മാരുടെ സ്റ്റാർട്ടപ് സംരംഭമായ ജീന്‍സ് ആന്‍ഡ് യു ബയോടെക്‌നോളജി കമ്പനിയുടെയും അനുബന്ധ സ്ഥാപനമായ ജീന്‍-എക്‌സല്‍ എഐയുടെയും പ്രവര്‍ത്തനം കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ആരംഭിച്ചു. പൂനയിലെ പ്രമുഖ ജനിതക ശാസ്ത്രജ്ഞനായ ഡോ. അമുല്‍ റൗട്ടിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ ചെയര്‍മാന്‍ ഡോ. സുല്‍ഫികര്‍ അലിയും, മാനജിംഗ് ഡയറക്ടര്‍ ഡോ. സി പി ഹസീബുമാണ്. കമ്പനിയുടെ സിഇഒ യും ചീഫ് സ്ട്രാറ്റജിക് ഓഫീസറുമായ മുസ്തഫ സൈതലവിയാണ് കാലിഫോര്‍ണിയയില്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
ഉമിനീരില്‍ നിന്നുള്ള ജിനോം മാപ്പിംഗ് വഴി വിവിധ ശാരീരിക അവസ്ഥകളുടെയും രോഗസാധ്യതകളെയും മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്ന ജീനോമിക്‌സ്’ എന്ന സങ്കേതം ഉപയോഗപ്പെടുത്തിയുള്ള ജീനോം കമ്പനിയായ ജീന്‍സ് ആന്‍ഡ് യു സ്ഥാപിച്ചത് 2020 ലാണ്. ഇതിനകം തന്നെ ഹെല്‍ത്, വെല്‍നസ്, ഫാര്‍മകൊജീനോമിക്‌സ്, ന്യൂട്രി ജീനോമിക്‌സ്, ടാലന്റ് ജീനോമിക്‌സ്, കപ്പിള്‍ ജീനോമിക്‌സ് തുടങ്ങിയ മേഖലകളില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയാണ് ജീന്‍സ് ആന്‍ഡ് യു കമ്പനി ശ്രദ്ധേയമായത്.
മുംബൈ ആസ്ഥാനമായി സ്ഥാപിച്ച കമ്പനി ഇൻഡ്യയിലെ മെട്രോ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഉപഭോക്താക്കളുള്ള ജീനോം കമ്പനിയാണ്. വിദ്യാര്‍ഥികളുടെ ജനിതകമായ അഭിരുചികളും കഴിവുകളും മുന്‍കൂട്ടി കണ്ടെത്തി മികച്ചവയെ പരിപോഷിപ്പിക്കാനും കുറവുള്ള അഭിരുചികളെ ഭക്ഷണക്രമങ്ങള്‍ കൊണ്ടും ജീവിതശൈലി കൊണ്ടും പ്രത്യേക പരിശീലനം കൊണ്ടും പരിപോഷിപ്പിച്ചെടുക്കാനുള്ള പ്രത്യേക പദ്ധതിയാണ് ‘സ്‌കൂള്‍ ജീനോമിക്‌സ്’ ലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം അത്യാധുനിക സാങ്കേതിക വിദ്യയായ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പുതിയ പാഠ്യക്രമം രൂപപ്പെടുത്തുകയാണ് അമേരികന്‍ പ്രോജക്ടുകളുടെ കമ്പനി ലക്ഷ്യമിടുന്നത്. ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ സ്റ്റാര്‍ട്ടപ് ആണ് ഈ പദ്ധതി. കാലിഫോര്‍ണിയയിലെ സിലികണ്‍ വാലിയിലാണ് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ്.