കൊച്ചി കണ്ടാൽ അച്ചി വേണ്ടാന്നാണ് ചൊല്ല്.കായലിലെ നിരവധി ദ്വീപുകൾ ചേർന്ന അതി സുന്ദരമായ സ്ഥലമാണ് കൊച്ചി. ബോട്ടുകളും ഫെറികളും ആണ് ഈ ദ്വീപുകൾ സന്ദർശിക്കാനുള്ള പ്രധാന മാർഗം. മറൈൻഡ്രൈവിൽ നിന്നാണ് എല്ലാം ബോട്ടുകളും പുറപ്പെടുന്നത്.
കൊച്ചിക്കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന മറൈൻ ഡ്രൈവ് പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും പറ്റിയ സ്ഥലമാണ്.സഞ്ചാരികളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് വ്യത്യസ്തമായ ബോട്ടുകൾ മറൈൻ ഡ്രൈവിൽ ഉണ്ട്. ജലഗതാഗത വകുപ്പിന്റെ ഫെറികളാണ് അവയിൽ ഏറ്റവും ചെലവു കുറഞ്ഞവ. മറൈൻഡ്രവ്, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ ഫെറിയിലും യാത്ര ചെയ്യാം.
സന്ദർശകർക്ക് ഫൈബർഗ്ലാസ് ബോട്ട് വാടകയ്ക്ക് എടുക്കാം. കൊച്ചി ഹാർബർ, ഷിപ്പ്‌യാർഡ്, ചൈനീസ് ഫിഷിംഗ് നെറ്റ് എന്നിവയിക്കെ ഈ ബോട്ടിൽ സന്ദർശിക്കാം. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനമാണ് ഈ ബോട്ട് സർവീസ് നടത്തുന്നത്.
മെർമെയ്ഡ് എന്ന പേരിൽ സ്പീഡ് ബോട്ട് സർവീസും ഇവിടെ നടത്തുന്നുണ്ട്. 8 പേർക്ക് കയറാവുന്ന ഈ ബോട്ടിന് ഒരു മണിക്കൂർ നേരത്തെ വാടക 1200 രൂപയാണ്. ഇതോടൊപ്പം മൂന്ന് പേർക്ക് കയറാവുന്ന ബോട്ടുകളുമുണ്ട് 450 രൂപയാണ് ഈ ബോട്ടിന്റെ വാടക. രാവിലെ ഒൻപത് മുതൽ വൈകുന്നേരം 6 മണിവരേയാണ് ഇവിടെ ബോട്ട് സർവീസ് നടത്തുന്നത്.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ആഢംബര ക്രൂയിസ് സർവീസ് ആണ് സാഗരറാണി ക്രൂയിസ് ബോട്ട് സർവീസ്. മറൈൻ ഡ്രൈവിൽ നിന്നാണ് ഇതിന്റെ സർവീസ് ആരംഭിക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ് ഈ ബോട്ട് യാത്ര. ഒരാൾക്ക് 250 രൂപയാണ് ഈ ബോട്ടിലെ ടിക്കറ്റ് നിരക്ക്. രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും രണ്ട് ക്രൂയിസ് സർവീസുകളാണുള്ളത്.
കൊച്ചി നഗരത്തിലെ തിരക്കുകള്‍ക്കിടയിലെ ആശ്വാസമാണ് മറൈന്‍ ഡ്രൈവ് എന്നുവേണമെങ്കില്‍ പറയാം. കായല്‍ക്കാറ്റേറ്റ് കായലോളങ്ങളുടെ സൗന്ദര്യവും സൂര്യാസ്തമയവും കണ്ട് മറൈന്‍ ഡ്രൈവിലൂടെയുള്ള സായാഹ്ന സവാരി മനോഹരമായ ഒരു അനുഭവമായിരിക്കും.