NEWSWorld

സൈനിക സഹകരണം വർധിപ്പിക്കാന്‍ ചര്‍ച്ചകളുമായി റഷ്യയും ഉത്തര കൊറിയയും; റഷ്യയുടെ ആണവ സന്നാഹങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ട് കിം

മോസ്കോ: സൈനിക സഹകരണം വർധിപ്പിക്കാൻ ചർച്ചകളുമായി റഷ്യയും ഉത്തര കൊറിയയും. റഷ്യൻ സന്ദർശനത്തിനിടെ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യയുടെ പ്രതിരോധ മന്ത്രി സെർഗെയ് ഷൈഗുവും ചർച്ച നടത്തി. ‘പുതിയ പ്രതാപകാലം’ എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്. കിം ജോങ് ഉൻ റഷ്യയിലെ രണ്ട് പോർ വിമാന ഫാക്ടറികൾ സന്ദർശിച്ചു. അതോടൊപ്പം റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനങ്ങളും ഹൈപ്പർ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരിൽക്കണ്ടു. റഷ്യയിലെ കിഴക്കൻ നഗരമായ ആർച്ചോമിലേക്ക് ട്രെയിനിലാണ് കിം എത്തിയത്. റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും മുതിർന്ന സൈനിക ജനറൽമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

അപൂർവ്വമായി മാത്രമേ കിം സ്വന്തം രാജ്യത്ത് നിന്ന് പുറത്തുപോകാറുള്ളൂ. കിമ്മിൻറെ റഷ്യൻ സന്ദർശനത്തെ വാർത്താ ഏജൻസിയായ കെസിഎൻഎ വിശേഷിപ്പിച്ചതിങ്ങനെ- “ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിൽ സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും പുത്തൻ പ്രതാപകാലം തുറക്കുകയാണ്.” അതേസമയം റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിനെ അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. നിയമവിരുദ്ധവും അന്യായവും എന്നാണ് റഷ്യ – ഉത്തര കൊറിയ സൈനിക പങ്കാളിത്തത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ വിശേഷിപ്പിച്ചത്.

Signature-ad

ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ നിന്ന് ട്രെയിനിലാണ് കിം ജോങ് ഉൻ റഷ്യയിലെത്തിയത്. ട്രെയിനിൽ 1180 കിമീ സഞ്ചരിച്ച് കിം തുറമുഖ നഗരമായ വ്ലാഡിവോസ്ടോക്കിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരമായിരുന്നു റഷ്യയിലെ ഔദ്യോഗിക സന്ദർശനം. കിമ്മും പുടിനും കൂടിക്കാഴ്ചക്കിടെ പരസ്പരം തോക്കുകൾ സമ്മാനിച്ചു. ഇരുവരും സമ്മാനങ്ങൾ കൈമാറിയോ എന്ന ചോദ്യത്തിന് മറുപടിയായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവാണ് ഇക്കാര്യം പറഞ്ഞത്. പുടിൻ കിമ്മിന് ഉയർന്ന നിലവാരമുള്ള റഷ്യൻ നിർമിത റൈഫിൾ നൽകി. തിരിച്ച് കിം ഉത്തര കൊറിയയിൽ നിർമിച്ച റൈഫിൾ നൽകിയെന്നും ക്രെംലിൻ വക്താവ് പറഞ്ഞു.

2019ലാണ് കിം ഇതിനു മുൻപ് റഷ്യ സന്ദർശിച്ചത്. സാങ്കേതിക വിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി ഉത്തര കൊറിയയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതാണ് അമേരിക്കയിലെ ആശങ്കയിലാക്കിയത്. കിം ജോങ് ഉന്നുമായുള്ള വ്‌ളാഡിമിർ പുടിൻറെ കൂടിക്കാഴ്ചയെ വിമർശിച്ച അമേരിക്കയ്ക്ക് റഷ്യ മറുപടി നൽകി. അമേരിക്കയുടെ വിമർശനം കാപട്യം നിറഞ്ഞതാണെന്നാണ് മറുപടി. ‘എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെ’ന്ന് അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റനോവ് പ്രസ്താവനയിൽ പറഞ്ഞു.

Back to top button
error: