ചെന്നൈ: കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിൽ നടന്ന എആർ റഹ്മാൻ ഷോ വലിയ വിവാദത്തിലാണ് അവസാനിച്ചത്. മറകുമാ നെഞ്ചം’ എന്ന് പേരിട്ട് നടത്തിയ പരിപാടിയിൽ വിഐപി ടിക്കറ്റ് എടുത്തവർക്ക് പോലും പരിപാടി കാണാൻ സാധിച്ചില്ലെന്നാണ് വിമർശനം ഉയർന്നത്. മോശം സംഘാടനം പരിപാടിയെ മൊത്തത്തിൽ ബാധിക്കുകയായിരുന്നു. ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്ത ചിലർക്ക് പോലും സദസ്സിലേക്ക് എത്താനായില്ലെന്നായിരുന്നു പരാതി. തിക്കിലും തിരക്കിലും സ്ത്രീകളെ അപമാനിക്കാൻ ശ്രമം നടന്നുവെന്നും പരാതി ഉയർന്നിരുന്നു.
എന്നാൽ പരിപാടിക്കെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെ ടിക്കറ്റ് എടുത്തിട്ടും സംഗീത നിശ കാണാൻ സാധിക്കാത്തവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് റഹ്മാൻ തന്നെ എക്സ് പോസ്റ്റ് നടത്തിയിരുന്നു. എന്നാൽ അടുത്തിടെ വന്ന ഒരു യൂട്യൂബ് വീഡിയോയാണ് പുതിയ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. എആർ റഹ്മാൻ ഷോയിലെ സംഭവം ആസൂത്രിതമാണെന്നും സംഗീതസംവിധായകനും നടനും നിർമ്മാതാവുമൊക്കെയായ വിജയ് ആന്റണിക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള വീഡിയോയുമായി ഒരു യൂട്യൂബ് ചാനൽ രംഗത്തെത്തിയത്.
அது முற்றிலும் பொய்யே! pic.twitter.com/x7sRGOu4tu
— vijayantony (@vijayantony) September 15, 2023
വീഡിയോയ്ക്ക് പിന്നാലെ വിജയ് ആൻറണി ഇതിനെതിരെ പ്രതികരിക്കുകയും ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അറിയിച്ചിരിക്കുകയാണ്. “വളരെ സങ്കടത്തോടെ, ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് അവസാനം ഉണ്ടാക്കാനാണ് ഈ കത്ത്. ഒരു സഹോദരി, അവളുടെ യൂട്യൂബ് ചാനലിൽ, എന്നെയും എൻറെ സഹോദരനായ എആർ റഹ്മാനെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുണ്ട്. നുണകളാണ് അതെല്ലാം. ഞാൻ അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ പോവുകയാണ്” – എക്സിൽ പോസ്റ്റ് ചെയ്ത കത്തിൽ വിജയ് ആൻറണി പറയുന്നു.
അതേ സമയം എആർ റഹ്മാൻ ഷോയിൽ നടന്ന സംഭവങ്ങളിൽ ചെന്നൈ താമ്പറം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്ന് ഡ്യൂട്ടിൽ ഉണ്ടായിരുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.