തിരുവനന്തപുരം: സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഗാന്ധി പാർക്ക് ഒരുങ്ങുന്നു. പാർക്കിന്റെ നിർമാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലെത്തുന്നവർക്ക് ഉപയോഗപ്രദമായ രീതിയിലാകും പാർക്കിന്റെ നിർമാണമെന്ന് പ്രശാന്ത് പറഞ്ഞു. കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒന്നരക്കോടി രൂപ ചെലവിട്ട് പ്രവേശന കവാടം, ബസ് കാത്തിരിപ്പു കേന്ദ്രം തുടങ്ങിയ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയതായും വികെ പ്രശാന്ത് അറിയിച്ചു.
‘സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന കായിക യുവജനകാര്യ വകുപ്പാണ് 25 ലക്ഷം രൂപ ചെലവിൽ ഗാന്ധി പാർക്ക് നിർമിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പ്രതിമ, ഓപ്പൺ ജിം, വിശ്രമ സ്ഥലം, നടപ്പാത എന്നിവക്ക് പുറമെ പുൽത്തകിടിയും പാർക്കിൽ സ്ഥാപിക്കും. പൊതുജനങ്ങൾക്ക് സൗജന്യമായി ഇവിടുത്തെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. വ്യായാമം ചെയ്യുന്നതിന് രാവിലെയും വൈകുന്നേരവും നൂറുകണക്കിന് പേരാണ് എല്ലാ ദിവസവും സിവിൽ സ്റ്റേഷനിലെത്തുന്നത്.’ ഇത്തരക്കാർക്കും സിവിൽ സ്റ്റേഷൻ ജീവനക്കാർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പാർക്കിന്റെ നിർമാണമെന്നും അധികൃതർ അറിയിച്ചു.