NEWSWorld

18-ാമത് ജി20 ഉച്ചകോടി സമാപിച്ചു; ക്ഷണത്തിന് ഇന്ത്യയെ നന്ദി അറിയിച്ച് ഒമാന്‍

മസ്കറ്റ്: ജി20 ഉച്ചകോടിയിലെ ക്ഷണത്തിന് നന്ദി അറിയിച്ച് ഒമാന്‍. സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നുവെന്നും മനുഷ്യ നാഗരികതയ്ക്ക് “ഒരു ഭാവി” സ്ഥാപിക്കുന്നതിനുള്ള ജി.20 ഉച്ചകോടിയുടെ ഇന്ത്യൻ അദ്ധ്യക്ഷ സ്ഥാനത്തിന്റെ വീക്ഷണത്തോട് ഒമാൻ പൂർണമായും യോജിക്കുന്നുവെന്നും ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു.

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ പ്രതിനിധീകരിച്ച് ഒമാൻ ഇന്‍റര്‍നാഷണല്‍ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്‌സ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സൈദിന്റെ നേതൃത്വത്തിലുള്ള ഒമാൻ സംഘമാണ് 18-ാമത് ജി.20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്.

Signature-ad

ആഗോള നിലവാരം പുലർത്തുന്ന തൊഴിൽ മേഖലകളും തൊഴിൽ വിപണിയുടെ ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട്  നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെയും ഒമാൻ സ്വാഗതം ചെയ്യുന്നതായി സയ്യിദ് അസദ് പ്രഭാഷണത്തിൽ വ്യക്തമാക്കി. എല്ലാ രാജ്യങ്ങളെയും സേവിക്കുന്നതിനുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സമർപ്പണം സുസ്ഥിര സാമ്പത്തിക വളർച്ച സാക്ഷാത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും ഇത് ഒമാന്റെ സമീപനവുമായി പൊരുത്തപ്പെടുന്നുവെന്നും ഒമാൻ ഉപ-പ്രധാനമന്ത്രി സയ്യിദ് അസദ് പറഞ്ഞു.

അറിവ് എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ലഭ്യമാക്കുന്നതിനുള്ള സംരംഭങ്ങളെ ഒമാൻ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കായി സുരക്ഷിതവും വിശ്വസനീയവും സുസ്ഥിരവുമായ തത്വങ്ങൾ രൂപപ്പെടുത്തുന്നതിന് ജി.20 രാജ്യങ്ങളുമായി ഒമാൻ യോജിക്കുന്നുവെന്ന നിലപാട് അദ്ദേഹം ആവർത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്തു.

ജി 20 യുടെ 18-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒമാനെ  ഇന്ത്യ ക്ഷണിച്ചതിൽ  സയ്യിദ് അസദ് ബിൻ താരിക്ക് അഭിനന്ദനവും  നന്ദിയും  അറിയിച്ചു. ഇതുമൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടുതൽ  പ്രതിഫലിക്കപ്പെട്ടുവെന്ന്  അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ക്ഷണപ്രകാരം ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തത്, പ്രാദേശികമായും അന്തർദേശീയമായും വികസനത്തിലും സമൃദ്ധിയിലും സജീവ പങ്കാളിയെന്ന നിലയിൽ ഒമാന്റെ സ്ഥാനം ഉറപ്പിക്കുന്നുവെന്നും സയ്യിദ് അസദ് ബിൻ താരിക്ക് തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കുകയുണ്ടായി.

ചന്ദ്രനിൽ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയതിന് അദ്ദേഹം ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു, ഈ വികസനം “ഒരു വലിയ നേട്ടവും വാഗ്ദാനമായ ഭാവിയിലേക്കുള്ള വഴിത്തിരിവും” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.  സമാപന സമ്മേളനത്തിന് മുൻപ്   സയ്യിദ് അസദും മറ്റ്  രാഷ്ട്രത്തലവന്മാർക്കൊപ്പം രാജ്ഘട്ട് സന്ദർശിക്കുകയും മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പൂച്ചെണ്ട് സമർപ്പിക്കുകയും ചെയ്തു.

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, സാമ്പത്തിക മന്ത്രി ഡോ. സെയ്ദ് മുഹമ്മദ് അൽ സഖ്രി,  വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ്, ഇന്ത്യയുടെ ഒമാൻ അംബാസഡർ ഇസ സലേഹ് അൽ ഷൈബാനി,വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാരത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഉപദേഷ്ടാവ് പങ്കജ് ഖിംജി, സയ്യിദ് അസദിന്റെ ഓഫീസിലെ ഉപദേശകർ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘമാണ് സയ്യിദ് അസദിനെ അനുഗമിച്ചിരുന്നത്.

 

Back to top button
error: