പ്രാാഥമിക കണക്കുകള്‍ പ്രകാരം 73.05 ശതമാനം പോളിംഗാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. അന്തിമ പോളിങ് ശതമാനത്തില്‍ മാറ്റം വരും.മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ ഇടയ്ക്ക് മഴ പെയ്തെങ്കിലും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിങ് നടന്നു.
രാവിലെ ഏഴുമണിക്ക് തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തിന്റെ വേഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും, അവര്‍ക്ക് സമയം നീട്ടി നല്‍കണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. മൂന്നു മണിക്കൂര്‍ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാള്‍ക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടെയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
നാലുമണിയോടെ പോളിങ് 66.54 ശതമാനം രേഖപ്പെടുത്തിയരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74.84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.