തിരുവനന്തപുരം: സംസ്ഥാനത്ത് 11 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ നിർമാണം ആരംഭിച്ചു. 3 എണ്ണം കോട്ടയം ജില്ലയിലാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകിക്കൊണ്ട് പുതിയ പദ്ധതി ആവിഷ്കരിച്ചതോടെയാണ് കോട്ടയം ജില്ലയിലും വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള കളമൊരുങ്ങിയത്.
11 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ കേരളത്തിലേക്ക് കടന്നുവരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.