IndiaNEWS

ജീവിക്കാൻ നിർവ്വാഹമില്ല; യു.പിയില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ സമരത്തിലേക്ക്

ലഖ്‌നോ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പറേഷൻ (യു.പി.എസ്.ആര്‍.ടി.സി) ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സമരത്തിലേക്ക്.

ജീവനക്കാര്‍ ലഖ്‌നോവിലെ റീജണല്‍ മാനേജരുടെ ഓഫിസ് ഉപരോധിക്കുകയും തങ്ങള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന 25 ആവശ്യങ്ങള്‍ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 27മുതൽ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്നും ഏതെങ്കിലും തരത്തിൽ ബസുകള്‍ നിരത്തിലിറക്കിയാൽ തടയുമെന്നും മുന്നറിയിപ്പ് നല്‍കി.

Signature-ad

യു.പി സര്‍ക്കാര്‍ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് തൊഴിലാളി സംഘടനയായ ഉത്തര്‍പ്രദേശ് റോഡ്‌വേയ്‌സ് കര്‍മ്മചാരി സംഘിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.

ജീവനക്കാരുടെ ശമ്ബളം 14% വര്‍ധിപ്പിക്കുകയും വേതനം ഏകീകരിക്കുകയും വേണം. ജീവനക്കാര്‍ക്കെതിരായ വ്യവസ്ഥകള്‍ നീക്കം ചെയ്യുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, ജോലിനഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.

കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മറ്റ് വകുപ്പുകളുമായുള്ള ശമ്ബള തുല്യത, ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍, തൊഴിലാളികളെ ആര്‍ബിട്രേഷൻ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുക, യൂണിയൻ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക, ദേശീയപാതകളെ ഗ്രാമീണ റോഡുകളുമായി ബന്ധിപ്പിക്കുക, സ്റ്റേറ്റ് ട്രാൻസ്‌പോര്‍ട്ട് ബസുകളുടെ നികുതി അവസാനിപ്പിക്കുക, ഭാരതീയ മസ്ദൂര്‍ സംഘിന്റെ പ്രതിനിധിയെ ട്രാൻസ്‌പോര്‍ട്ട് കോര്‍പറേഷൻ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക, മറ്റ് കോര്‍പറേഷനുകളെപ്പോലെ ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷനെയും സ്വതന്ത്ര കോര്‍പറേഷനാക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.

നേരത്തെ ഇതേ ആവശ്യങ്ങളുന്നയിച്ച്‌ റോഡ്‌വേസ് കര്‍മ്മചാരി സംയുക്ത പരിഷത്ത് നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 34,000 കരാര്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് യു.പി.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. ഏകദേശം 9,000 സ്ഥിരം ജീവനക്കാരും ഉണ്ട്.

Back to top button
error: