KeralaNEWS

റഷ്യയിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ച സംഭവത്തില്‍ കൊല്ലം സ്വദേശികളായ സഹപാഠികൾക്കെതിരെ പരാതിയുമായി മരിച്ച യുവതിയുടെ അമ്മ

കണ്ണൂര്‍: റഷ്യയില്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തടാകത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു.

ഇതേകുറിച്ചു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വിദ്യാര്‍ത്ഥിനിയുടെ മാതാവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കി.ധര്‍മടം മണ്ഡലം എംഎല്‍എയായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസഹമന്ത്രിയും തലശേരി സ്വദേശിയുമായ വി.മുരളീധരനും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരാതി നല്‍കിയത്.

മുഴപ്പിലങ്ങാട് കൂരുംബ ഭഗവതിക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദക്ഷിണയില്‍ ഷേര്‍ളിയാണ് പരാതി നല്‍കിയത്. വിധവയും രോഗിയുമായ തനിക്ക് ഏകമകളെയാണ് നഷ്ടമായതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രത്യൂഷയുടെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Signature-ad

കഴിഞ്ഞ ജൂണ്‍ 24-നാണ് പ്രത്യൂഷ ഉള്‍പ്പെടെ രണ്ടുകുട്ടികള്‍ തടാകത്തില്‍ മുങ്ങിമരിച്ചത്. എട്ടുകുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുള്ളവര്‍. സ്മോളൻസ്‌ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കഴിഞ്ഞ മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് പ്രത്യൂഷയുടെ മരണം. വെള്ളത്തില്‍ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ചു വെള്ളത്തില്‍ സഹപാഠികള്‍ തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്തു രൂപപ്പെട്ട വിജനമായ കുഴിയിലാണ് സംഭവം നടന്നതന്നും ഷേര്‍ളി മുഖ്യമന്ത്രിക്കും ഉന്നത പൊലിസ് അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മകള്‍ പഠിച്ച യൂണിവേഴ്സിറ്റിയുടെ രാജസ്ഥാൻ സ്വദേശിയായ കോഴ്്സ് ഡയറക്ടര്‍ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാള്‍ക്ക് പണം മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂവെന്ന് ഷേര്‍ളിയുടെ പരാതിയില്‍ പറയുന്നു. ഈ യൂണിവേഴ്സിറ്റിയില്‍ നിന്നും നേരത്തെ ആറുപെണ്‍കുട്ടികള്‍ക്ക് ഇതുവരെ ജീവൻ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലക്കാട് സ്വദേശിയായ ഒരു പെണ്‍കുട്ടിക്കും മുൻവര്‍ഷങ്ങളില്‍ നാലുകുട്ടികള്‍ക്കും ഇതിനുസമാനമായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

വെള്ളക്കെട്ടിന് സമീപം മകള്‍ സാധാരണ വസ്ത്രം ധരിച്ചു നില്‍ക്കുന്ന ഫോട്ടോ തനിക്ക് വാട്സ് ആപ്പ് വഴി അയച്ചു തന്നിരുന്നുവെന്നും മറ്റുള്ളവര്‍ സ്വിമ്മിങ് ഡ്രസിലാണുണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു. മകളുടെ കാല്‍പാദം മാത്രമാണ് നനഞ്ഞിരുന്നത്. സംഭവം നടന്ന ദിവസം മറ്റുകുട്ടികള്‍ക്ക് വന്ന ചില ഫോണ്‍ കോളുകളും ദുരൂഹതയുളവാക്കുന്നതാണെന്ന് ഷെര്‍ളി ആരോപിച്ചു. സഹപാഠികളില്‍ ചിലരുടെ അമിത മദ്യപാനം ഉള്‍പ്പെടെയുള്ള ചിലകാര്യങ്ങള്‍ മകള്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചതിന്റെ വൈരാഗ്യം ചിലര്‍ക്കുള്ളതായി സംശയിക്കുന്നതായി പ്രത്യൂഷയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ വിരോധത്താല്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഷേര്‍ളി ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ ജൂണ്‍ 14-നാണ് പ്രത്യൂഷ ഉള്‍പ്പെടെ രണ്ടു കുട്ടികള്‍ തടാകത്തില്‍ മരിച്ചത്. എട്ടുകുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുള്ളവര്‍. സ്മോളൻസ്‌ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പ്രത്യൂഷയുടെ ദാരുണ മരണം സംഭവിച്ചത്

Back to top button
error: