പഴനി ഒരു ടൗൺഷിപ്പാണ്.കാലാകാലങ്ങളായി വളർന്ന് വലിയ ജനസഞ്ചയത്തിന്റെ വിലാസമായും ജീവിതമായും പഴനി ആകെ മാറുകയാണ്. ദൂരെ നിന്നും ഇവിടെ രാവിലെ എത്തിച്ചേരുന്നവർക്കായി ഫ്രഷാവാൻ മാത്രം മുറികൾ കിട്ടും. രണ്ടുമണിക്കൂറിന് നാനൂറ് രൂപയൊക്കെയാണ് ഈടാക്കുക. ഒരോ സീസണിലും തുകയും മാറി മാറി വരും. ഇതൊന്നും നോക്കാതെ ഈ സൗകര്യങ്ങൾ മാത്രമാണ് ആശ്രയം എന്ന നിലയിൽ തീർത്ഥാടകരും സഞ്ചാരികളുമെല്ലാം തള്ളിക്കയറും. ഇത് തന്നെയാണ് ഈ കേന്ദ്രങ്ങളുടെയെല്ലാം വിജയവും. വൃത്തിയോടെ വെടിപ്പോ കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ട. വെള്ളവും അത്ര ഗുണകരമല്ല. എങ്കിലും തീർത്ഥാടന പുണ്യത്തിനായി സർവ്വതും സഹിച്ച് എല്ലാവരും പഴനിയെ പുണരുന്ന കാഴ്ചകൾ മാത്രമാണ് എങ്ങുമുള്ളത്.
പഴനിമലയുടെ കവാടത്തിൽ നേരം ചൂട് പിടിക്കുമ്പോഴേക്കും ആൾത്തിരക്ക് തുടങ്ങി.അത്യധികം സാഹസപ്പെടേണ്ട, കുത്തനെയുള്ളതുമായ പടിക്കെട്ടുകളിൽ തിരക്ക് കുറവാണ്. നേർച്ചയുള്ളവർ മാത്രമാണ് അധികം മുരുകന്റെ സന്നിധിയിലേക്ക് ഈ വഴി തെരഞ്ഞെടുക്കുന്നത്. പടികളും ഇടവിട്ടുള്ള റാമ്പുകളുമുള്ള നടവഴിയാണ് കൂടുതൽ പേരും മലകയറ്റത്തിനായി തെരഞ്ഞെടുക്കുന്നത്.ഫ്യൂണിക്കു
പഴനി ഒട്ടേറെപ്പേരുടെ ആശ്രയകേന്ദ്രമാണ്. ഇതിനോട് ചേർന്ന് ജീവിതം പൂരിപ്പിക്കുന്നവരുടെ നീണ്ട നിരകൾ എവിടെയമുണ്ട്. റിക്ഷാവാല മുതൽ പഴക്കച്ചവടക്കാർ വരെയും പഴനിയുടെ താഴ്വാരത്ത് കാലങ്ങളായി ജീവിതം കണ്ടെത്തുന്നു. വളവിൽപ്പനക്കാർ, പച്ചകുത്തുകാർ, ഇളനീർ വിൽപ്പനക്കാർ എന്നിങ്ങനെ പഴനിയിലെത്തുന്ന തീർത്ഥാടകരെയും സഞ്ചാരികളെയും ലക്ഷ്യമിടുന്നവർ ധാരാളമുണ്ട്.
പഴനിമലയിലേക്കുള്ള കയറ്റത്തിൽ ഒരോ പടിയും മുകളിലേക്ക് കയറുംതോറും താഴ്വാരത്തുള്ള കാഴ്ചകൾ വിശാലമാവുകയാണ്. വലിയ ജലാശയവും അതിനോട് ചേർന്നുള്ള കെട്ടിടങ്ങളും അനന്തമായ കാഴ്ചകളുടെ അങ്ങേ തലയ്ക്കൽ വരെയുണ്ട്. രാവിലത്തെ വെയിലുതന്നെ ചുട്ടുപൊള്ളിക്കുകയാണ്. വഴിയിലൂടനീളമുള്ള ഇടത്താവളങ്ങളിൽ വിശ്രമിച്ചാണ് മിക്കവരുടെയും മലകയറ്റം. . രണ്ടു മൂന്ന് വലിയ കയറ്റം കൂടി പിന്നിട്ടതോടെ പഴനി മലയുടെ നെറുകയിലെത്തി. ജനസഞ്ചയത്തിൽ ഈ ക്ഷേത്രം മുന്നിലേക്ക് വാതിൽ തുറന്നു. മുരുകനെ കാണാൻ നേരത്തേ ഇടംപിടിച്ചവരുടെ നീണ്ട നിരകൾ മാത്രമാണ് എവിടെയുമുള്ളത്.
പലപ്പോഴും മണിക്കൂറുകളോളം കാത്ത് നിന്ന് വേണം ദർശനത്തിന് അവസരം ലഭിക്കാൻ. ഇതിനായുള്ള ബാരിക്കേഡുകളെല്ലാം ഇവിടെ സ്ഥിരമായി തയ്യാറാക്കിയിട്ടുണ്ട്. ചുട്ടുപൊള്ളുന്ന വെയിലിലും ആർത്തലച്ചുവരുന്ന മഴക്കാലത്തുമെല്ലാം ഇവിടെ തിരക്കൊഴിയുന്നില്ല. കാഷായ വസ്ത്രം അണിഞ്ഞ് വീടുകൾ തോറും കയറിയിറങ്ങി നേർച്ചയുടെ ഭാഗമായി ഭിക്ഷയെടുത്തും ഇങ്ങ് മലയാള നാട്ടിൽ നിന്നുപോലും എത്രയോ കാലങ്ങൾക്ക് മുന്നേ ആരംഭിച്ച പഴനിയിലേക്കുള്ള യാത്രകൾ ഇന്നും തുടരുകയാണ്.
ദണ്ഡായുധപാണി ക്ഷേത്രമാണ് പഴനി. തമിഴ് മണ്ണിന്റെ ക്ഷേത്രസമുച്ചയങ്ങളിൽ നൂറ്റാണ്ടുകൾ മുന്നേ ഇടം തേടിയ ക്ഷേത്രം. ദ്രാവിഡ ദൈവമായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്ന്. ദണ്ഡും പിടിച്ചു നിൽക്കുന്ന ശിവ പാർവ്വതി പുത്രൻ സുബ്രഹ്മണ്യൻ പഴനി ആണ്ടവനാണ്. അറിവിന്റെ പഴം എന്നർത്ഥമുള്ള ജ്ഞാനപ്പഴം എന്ന വാക്കിൽ നിന്നുമാണ് പഴനി എന്ന വാക്കിന്റെ ഉത്പത്തി. ഈ പഴം നീ ആകുന്നു എന്നാണ് പഴനി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പതിനെട്ട് സിദ്ധ മഹർഷിമാരിൽ ഒരാളായ ഭോഗരാണ് പഴനി മലയിൽ മുരുകന്റെ വിഗ്രഹം സ്ഥാപിച്ചതെന്ന് ഐതിഹ്യമുണ്ട്. ക്ഷേത്രനിർമ്മാണത്തിന് ശേഷം ഏറെക്കാലങ്ങൾ കാടിനുള്ളിൽ മൂടിയ ക്ഷേത്രം ചേരമാൻ പെരുമാൾ നായാട്ടിനിടെ കാണുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തുവെന്നാണ് പറഞ്ഞു പ്രചരിക്കുന്ന ചരിത്രം.