KeralaNEWS

തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ; ജനവാസ മേഖലയിലിറങ്ങി പശുക്കിടാവിനെ കൊന്നു

പനവല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്. പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ സമയത്താണ് കടുവ കിടാവിനെ പിടിക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു. തിരുനെല്ലിയിൽ നിന്ന് വനം ഉദ്യോഗസ്ഥർ എത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച് വന്നത് കടുവ എന്ന് സ്ഥിരീകരിച്ചു. പുലർച്ചെ മൂന്നുമണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി നാട്ടുകാർ പറയുന്നു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞതായി നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ പനവല്ലിക്ക് സമീപ ഗ്രാമമായ കുറുക്കൻ മൂലയിൽ കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. രണ്ട് മാസത്തെ ഇടവേളയിൽ 17 വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വലിയ രീതിയിൽ പ്രതിഷേധമടക്കം ഇവിടെ നടന്നിരുന്നു. പത്തുദിവസത്തിലധികം വലിയ രീതിയിലുള്ള സജ്ജീകരണങ്ങളിലൊരുക്കി തെരച്ചിൽ നടത്തിയ ശേഷവും കടുവയെ കണ്ടെത്താതെ വന്നതോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിച്ച 70 ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിയുകയോ സാന്നിധ്യം സ്ഥിരീകരിക്കുന്ന സൂചനകളോ ലഭിക്കാത്ത സാഹചര്യത്തിൽ കടുവ കാട് കയറിയെന്ന നിഗമനത്തിലാണ് തെരച്ചിൽ അവസാനിപ്പിച്ചത്.

Back to top button
error: