സർക്കാർ പ്രൈമറി സ്കൂൾ അധ്യാപിക കുട്ടികളിൽ അച്ചടക്കം വളർത്തുന്നതിന് സ്വീകരിച്ചത് രസകരമായൊരു മാർഗ്ഗം; ആഴ്ചയിലൊരിക്കൽ കുട്ടികളുടെ അതേ യൂണിഫോം ധരിച്ച് സ്കൂളിൽ!
ഒരു പ്രൈമറി സ്കൂൾ അധ്യാപിക കുട്ടികളിൽ അച്ചടക്കം വളർത്തുന്നതിന് സവിശേഷവും രസകരവുമായ മാർഗ്ഗം സ്വീകരിച്ചതാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഗവൺമെന്റ് ഗോകുൽറാം വർമ്മ പ്രൈമറി സ്കൂളിലെ അധ്യാപികയായ ജാൻവി യാദുവാണ് തൻറെ ഒരു തീരുമാനത്തിലൂടെ കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. പ്രൈമറി സ്കൂൾ അധ്യാപികയും കുട്ടികളിൽ ഒരാളാണെന്ന് കാണിക്കാനും വിദ്യാർത്ഥികളിൽ അച്ചടക്കം വളർത്താനും ആഴ്ചയിലൊരിക്കൽ കുട്ടികളുടെ അതേ യൂണിഫോം ധരിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
പഠനത്തിലേക്കുള്ള ആദ്യപടി അച്ചടക്കവും സ്വത്വബോധവുമാണെന്നും അതിനായി കുട്ടികളിൽ വ്യത്യസ്ത വികാസം സംഭവിക്കുകയും ഐക്യം വളരുകയും ചെയ്യേണ്ടതുണ്ടെന്നും അവർ പറയുന്നു. എല്ലാവരും തുല്യരാണ് എന്ന തോന്നൽ കുട്ടികൾക്കിടയിൽ ഉണ്ടാകുന്നതിനു വേണ്ടിയാണ് അവരോടൊപ്പം താനും യൂണിഫോം ധരിക്കുന്നതെന്നും ഈ അധ്യാപിക പറയുന്നു. ഏതായാലും ടീച്ചർ തന്നെ യൂണിഫോം ഇട്ട് വരാൻ ആരംഭിച്ചതോടെ സ്കൂൾ യൂണിഫോമിട്ട് സ്കൂളിൽ വരാൻ കുട്ടികൾക്കും ആവേശം കൂടി കഴിഞ്ഞു.
നമുക്കറിയാം, ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത് അധ്യാപകരാണ് എന്ന്. വ്യക്തിത്വ വികസനത്തിനും സ്വഭാവരൂപീകരണത്തിനും വരെ സ്വാധീനം ചെലുത്താൻ അവർക്ക് സാധിക്കും. അവർ വിദ്യാർത്ഥികളെ നയിക്കുക മാത്രമല്ല, പഠനകാലത്ത് അവർ നേരിടുന്ന വിവിധ പ്രതിബന്ധങ്ങളെ മറികടക്കാൻ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും താൽപ്പര്യങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, അധ്യാപകർ എല്ലായ്പ്പോഴും വിദ്യാർത്ഥികൾക്ക് വഴികാട്ടികളായി പ്രവർത്തിക്കേണ്ടവരാണ്. അതുകൊണ്ട് തന്നെയാവണം ഈ അധ്യാപിക ഇങ്ങനെ ഒരു വഴി സ്വീകരിച്ചത്. ഏതായാലും അധ്യാപികയെ അനേകം പേർ അഭിനന്ദിച്ചു.