
അർദ്ധരാത്രിയില്‍ കാമുകിക്ക് സര്‍പ്രൈസ് നല്‍കാനായി പിസയുമായി എത്തിയ 20 കാരന് ടെറസില്‍നിന്ന് വീണ് ദാരുണാന്ത്യം. ഹൈദരാബാദിലെ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷുഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
കാമുകിയെ കാണാനായി യുവാവ് അർദ്ധരാത്രി പെൺകുട്ടിയുടെ വീടിന്റെ ടെറസിന് മുകളിൽ കയറി.
കാമുകിക്ക് പിസ്സയുമായാണ് യുവാവ് എത്തിയത്. ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലേക്ക് ആരോ നടന്ന് വരുന്നത് പോലെ തോന്നി. ആ വെപ്രാളത്തില്‍ കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തൊടിഞ്ഞു. ടെറസിലേക്ക് കയറി വന്നത് പെൺകുട്ടിയുടെ അച്ഛനായിരുന്നു.. അച്ഛൻ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷുഹൈബ് കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീണത്. വൈദ്യുതി ലൈനിൽ തട്ടാതിരിക്കാനായി ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
പരിക്കേറ്റ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. തുടർന്ന് ഷുഹൈബിന്റെ അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ വീട്ടുകാർ എത്തി പുലർച്ചെ മൂന്നുമണിയോടെ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു. ഷുഹൈബിന്റെ പിതാവ് ഷൗക്കത്ത് അലി പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്






