
കൃഷിഭവന്റെ സഹകരണത്തോടെ ഓണം വിപണി ലക്ഷ്യമിട്ട് ആദിവാസികളുടെ സ്വാശ്രയ സംഘമാണ് ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍ 25 ഏക്കറില്‍ പുഷ്പ ഫല കൃഷിയിറക്കിയത്. ചെണ്ടുമല്ലികള്‍ നല്ല വളര്‍ച്ച നേടുകയും പൂത്ത് തുടങ്ങുകയും ചെയ്തിരുന്നു.
കൃഷിയിടത്തിലേക്ക് കടന്നുകയറിയവര്‍ ബോധപൂര്‍വം ചെടിയുടെ തണ്ടും പൂവും മൊട്ടുമടക്കം പറിച്ചു നശിപ്പിച്ചവിധമാണ് കാണാൻ കഴിയുന്നത്. ആദ്യ ദിവസം ഇത് ശ്രദ്ധയില്‍ പെട്ടതോടെ ആറളം ഫാം ഫ്ലോറി കോ ഓപ്പ. സൊസൈറ്റിയുടെ പേരില്‍ ആറളം പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവിടെ ചെടികൾ നശിപ്പിച്ചിട്ടുണ്ട്.
ആറളം ഫാമിലെ ആദിവാസികള്‍ക്ക് തൊഴിലും കൂലിയും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 25 ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലിയും ഒപ്പം മുളകും കൃഷിയിറക്കിയത്. ചെണ്ടുമല്ലികള്‍ പൂത്തു തുടങ്ങിയതോടെ മനോഹാരിത നിറഞ്ഞ ഈ കാഴ്ച കാണാൻ പുറമെ നിന്നുള്ളവര്‍ അടക്കം നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്തിത്തുടങ്ങിയിരുന്നു. ഇതിന്റെ വിപണനത്തിനായി എടൂരിലും ഇരിട്ടിയിലും സംവിധാനം ഒരുക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ചെടികൾ വ്യാപകമായി നശിപ്പിച്ചത്.
കാട്ടാന ശ്യല്യം രൂക്ഷമായ ഫാമില്‍ രാത്രികാലങ്ങളില്‍ പുറമെ നിന്നുള്ളവര്‍ ആരും കടന്നുകയറി ഇത്തരം ഒരു പ്രവര്‍ത്തി നടത്താൻ ഇടയില്ലെന്നതാണ് നിഗമനം. അങ്ങിനെയെങ്കില്‍ കള്ളൻ കപ്പലില്‍ തന്നെയാണോ എന്ന സംശയവും ബലപ്പെടുകയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ ദ്രോഹികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് ആറളം പോലീസ് പറഞ്ഞു.ആനശല്യം രൂക്ഷമായ ഫാമില്‍ രാത്രികാലങ്ങളില്‍ പെട്രോളിംഗ് നടത്തുന്നതും കാവല്‍ നില്ക്കുന്നതും സാഹസികമായ പ്രവര്‍ത്തിയാണെന്നും പോലീസ് പറയുന്നു.






