NEWSPravasi

കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തിയതായി അറിയിച്ച് കുവൈത്തിലെ ശ്രീലങ്കന്‍ എംബസി.  അനധികൃതമായി താത്കാലിക പാസ്‌പോർട്ടിൽ താമസിച്ചവരെയാണ് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവർ കടുനായകെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നാടുകടത്തപ്പെട്ടവരില്‍ 59 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്. ഗാര്‍ഹിക സേവന തൊഴിലുകളിലെ കരാറുകള്‍ അവസാനിച്ച ശേഷം കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു ഇവര്‍.  250 ദിനാർ മാസ ശമ്പളത്തിൽ കുവൈത്തിലെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിച്ചിരുന്നവരാണ് ഇവരെന്ന് ശ്രീലങ്കൻ എംബസി വക്താവ് പറഞ്ഞു.

Signature-ad

കുവൈത്തിലെ ശ്രീലങ്കൻ എംബസി, ആഭ്യന്തര മന്ത്രാലയം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കോടതികൾ, മറ്റ് ബന്ധപ്പെട്ട അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ അവരുടെ താത്കാലിക പാസ്പോര്‍ട്ടുകള്‍ തയാറാക്കി ശ്രീലങ്കയിലേക്ക് തിരിച്ച് അയക്കുകയായിരുന്നു. രണ്ടായിരത്തിലധികം ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങാൻ കുവൈത്തിലെ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: