LocalNEWS

സ്ത്രീ സ്വയം തൊഴിൽ സംരഭങ്ങൾക്ക് താങ്ങായി വനിതാ വികസന കോർപറേഷൻ; കോട്ടയം ജില്ലയിൽ വായ്പയായി നൽകിയത് 1.09 കോടി രൂപ

കോട്ടയം : സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ വനിതകൾക്കു വനിതാ വികസന കോർപറേഷൻ വായ്പയായി നൽകിയത് 1,09,60,450 രൂപ. വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകൾക്കാണ് വായ്പ നൽകിയത്. സി.ഡി.എസിൽനിന്നു വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ഈ തുക വായ്പ ഇനത്തിൽ നൽകും. നാലു മുതൽ അഞ്ചുശതമാനം വരെയാണ് പലിശയായി ഈടാക്കുന്നത്. പലിശയുടെ ഒന്ന് മുതൽ ഒന്നര ശതമാനം വരെ തുക സി.ഡി.എസുകൾക്ക് പ്രവർത്തന ഫണ്ടായും ലഭിക്കും.

പള്ളിക്കത്തോട്, കൊഴുവനാൽ, മീനച്ചിൽ ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസുകൾക്കാണ് 2022-23 സാമ്പത്തിക വർഷത്തിൽ വായ്പ നൽകിയിരിക്കുന്നത്. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ ഐശ്വര്യ കുടുംബശ്രീയ്ക്കാണ് 12 ലക്ഷം രൂപ വായ്പയിനത്തിൽ നൽകി. ഫർണിച്ചറുകളും തുണികളും മൊത്തമായി എടുത്ത് വീടുകൾ വഴി വിതരണം ചെയ്യുകയാണ് ഇവർ. കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ സി.ഡി.എസിന് കീഴിലെ ആറ് കുടുംബശ്രീ ഗ്രൂപ്പുകൾക്കു കാർഷിക സംരഭങ്ങൾ, തയ്യൽ യൂണിറ്റുകൾ എന്നിവ തുടങ്ങാനായി 32,42,450 രൂപ വായ്പ നൽകി.

Signature-ad

മീനച്ചിൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസുകൾക്കു കീഴിലെ ആറു ഗ്രൂപ്പുകൾക്കായി 65,18,000 രൂപ നൽകി. പശു, ആട്, മുട്ടക്കോഴി യൂണിറ്റുകൾക്കായും തയ്യൽ യൂണിറ്റുകൾക്കായുമാണ് വായ്പ നൽകിയത്. ദേശീയ പിന്നാക്ക വികസന ധനകാര്യ കോർപ്പറേഷൻ, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എന്നിവ വഴി ലഭിക്കുന്ന ഫണ്ടുകളാണ് വനിതാ വികസന കോർപറേഷൻ വായ്പയായി നൽകുന്നത്.

Back to top button
error: