CrimeNEWS

വ്യാജ എൽ.എസ്.ഡി, എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ:വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത അനിവാര്യം പൊലീസ് ഓഫീസേഴ്സ് അസോ.ജന. സെക്രട്ടറി സി ആർ ബിജു

ഇന്നലെ മാധ്യമങ്ങളിൽ വന്ന പ്രധാന വാർത്തകളിൽ ഒന്ന് ഇതായിരുന്നു. ഒരു നിരപരാധിയെ വ്യാജ NDPS കേസിൽ കുടുക്കി 72 ദിവസം ജയിലിലടപ്പിച്ച എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു എന്ന് മാധ്യമങ്ങൾ വാർത്ത നൽകി. ഇത് കാണുന്നവരും വായിക്കുന്നവരും ഇത്തരം എൻഫോഴ്സ്മെന്റ് സംവിധാനത്തെ ശപിക്കുക സ്വാഭാവികമാണ്.

ഈ പ്രത്യേക കേസിന്റെ ശരിതെറ്റുകളെ ഇവിടെ വിശകലനം ചെയ്യുന്നില്ല. എന്നാൽ അപകടകരമായ മയക്കുമരുന്ന് വ്യാപനസാഹചര്യം നിലനിൽക്കുന്ന ലോകത്ത്, ഈ സാഹചര്യം വ്യക്തമായ കാഴ്ചപ്പാടോടു കൂടി വിശകലനം ചെയ്യേണ്ടിവരുന്നു.

Signature-ad

NDPS കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ പിടിക്കുന്ന വിഭാഗം പോലീസാണ്. ഇന്ന് കേരളം ഉൾപ്പെടെ ലോകം അനുഭവിക്കുന്ന ഭയനാകമായ ഒരു സാഹചര്യമാണ് മയക്കുമരുന്നുകളുടെ വ്യാപനം. അത് പരമ്പരാഗത ലഹരി ഉൽപ്പന്നങ്ങളിൽ നിന്ന് മാറി കൂടുതൽ അപകടകാരികളായ സിന്തറ്റിക് ഡ്രഗ്സിലേക്ക് മാറിയിരിക്കുന്നു. കുറച്ചുനാൾ മുമ്പ് വരെ ലഹരിക്കായി മദ്യവും കഞ്ചാവുമാണ് ഉപയോഗിച്ചിരുന്നത്. അവ കാഴ്ചയിൽ തന്നെ തിരിച്ചറിയാൻ കഴിയുന്ന സാധനങ്ങളുമായിരുന്നു. എന്നാൽ വർത്തമാന കാലത്ത് വിപണിയിലുള്ള എൽ.എസ്. ഡി, എം.ഡി.എം.എ തുടങ്ങിയ സിന്തറ്റിക് ഡ്രഗ്സ് കാഴ്ചകൊണ്ടോ, മണം കൊണ്ടോ കൃത്യമായി തിരിച്ചറിയാൽ കഴിയുന്നവയല്ല. അത് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയൂ. ഇത്തരം പരിശോധന പിടികൂടുന്ന സമയത്ത് നടത്താൻ കഴിയുന്ന സാഹചര്യം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നിലവിലില്ല.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഡ്രഗ്സ് ഡിറ്റക്ഷൻ കിറ്റ് ഇപ്പോൾ നിലവിലുണ്ട്. അത് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന സാധനം അല്ല. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് മാത്രം ലഭ്യമാകുന്നതും, പോലീസ്, എക്സൈസ് തുടങ്ങി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിഭാഗങ്ങൾക്ക് അവർ ഈ കിറ്റ് നൽകുകയും ചെയ്യുന്നു. ആറ് മാസം വരെ മാത്രം വാലിഡിറ്റിയുള്ള ഈ കിറ്റ് അപൂർവം ചില ജില്ലകളിൽ മാത്രമാണ് ലഭിച്ചിട്ടുളളത്. അതും എപ്പോഴും ലഭ്യവുമല്ല. ഇത് ഗുരുതരമായ അപാകതയാണ്. ഇത്തരത്തിൽ കണ്ടെത്തുന്ന സാധനങ്ങൾ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളായി കണ്ടെത്തുന്നവർക്കൊപ്പം കോടതിയിൽ ഹാജരാക്കി, കോടതി പ്രതികളെ നിയമാനുസരണം റിമാന്റ് ചെയ്യുകയും, കോടതിയുടെ നിർദ്ദേശാനുസരണം പിടികൂടിയ സാധനങ്ങൾ കോടതികൾ തന്നെ ശാസ്ത്രീയ പരിശോധനയ്ക്കായി റീജിയണൽ കെമിക്കൽ ലാബിലേക്ക് അയക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഇങ്ങനെ അയക്കുന്ന സാധനം പരിശോധന നടന്ന ശേഷമേ പരിശോധനാ ഫലം ലഭ്യമാകൂ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് റീജിയണൽ കെമിക്കൽ ലാബുകൾ മാത്രമാണ് നിലവിലുള്ളത്. അന്വേഷണങ്ങൾക്ക് വേണ്ട ഒട്ടേറെ ജോലികൾ നിറവേറ്റുന്ന ഇവിടെ ഭാരിച്ച ജോലിഭാരം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരിശോധനാഫലങ്ങൾ ലഭിക്കാനും, പരിശോധനകൾ തന്നെ നടക്കാനും കാലതാമസം ഉണ്ടാകുന്നു. ഈ കാലതാമസം ഒരുപക്ഷേ പരിശോധിക്കേണ്ട സാധനങ്ങൾ നിർവ്വീര്യമാകുന്നതിനും കാരണമായേക്കാം. അതുകൊണ്ടു തന്നെ യഥാസമയം പരിശോധനകൾ നടത്താൻ ഉതകുന്ന തരത്തിൽ എല്ലാ ജില്ലകളിലും കെമിക്കൽ ലാബുകൾ ഉണ്ടാകേണ്ടതാണ്.

നാടിന് തന്നെ അപകടകരമാകുന്ന മയക്കുമരുന്നുകളുടെ ഡിറ്റക്ഷൻ ശക്തമായ രീതിയിൽ പോലീസും എക്സൈസും നടത്തുക തന്നെ വേണം. ഈ രംഗത്ത് ഇൻഫോർമറിലൂടെ ലഭിക്കുന്ന അറിവുകളിലൂടെ കണ്ടെത്തുന്ന സാധനങ്ങൾ പിടിക്കുന്ന സന്ദർഭത്തിൽ തന്നെ പരിശോധിച്ച് ഉറപ്പാക്കാൻ Drug Detection Kit കൾ എല്ലാ പോലീസ് സ്റ്റേഷനുകളും, എക്സൈസ് ഓഫീസുകളും ഉൾപ്പെടെ നാർക്കോട്ടിക് ഡിറ്റക്ഷന് ചുമതലയുള്ളവർക്ക് ലഭ്യമാക്കണം. നിലവിൽ നിയമപരമല്ലാത്ത ഇത്തരം കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന നിയമപരമാക്കി അത് പ്രാഥമിക രേഖയായി കോടതികൾ സ്വീകരിക്കുകയും വേണം. ഈയൊരു മാറ്റത്തിലേക്ക് ഈ രംഗത്തെ പ്രവർത്തനങ്ങൾ മാറിയില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാൻ സാഹചര്യം ഒരുക്കും.

നാട്ടിൽ നിലനിൽക്കുന്ന ഓരോ നിയമവും നാട്ടുകാരുടെ നന്മയ്ക്കായി ജനാധിപത്യ ഇന്ത്യയിലെ ജനപ്രതിനിധികൾ നിർമ്മിച്ചവയാണ്.

” *ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല “*

എന്ന നിലപാടിൽ കെട്ടിപ്പടുത്ത നമ്മുടെ രാജ്യത്ത് പല നിയമങ്ങളും ദുരുപയോഗം ചെയ്യുന്ന അപൂർവമെങ്കിലും ചില കാഴ്ചകളും നാം കാണുന്നുണ്ട്. ലൈംഗികാതിക്രമങ്ങളിൽ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ കൊണ്ടു വന്ന പോക്സോ നിയമം പോലും ദുരുപയോഗം ചെയ്യുന്ന കാഴ്ചകൾ നാം കണേണ്ടിവരുന്നു. ഗാർഹിക സ്പർദ്ദകളിൽ നിന്ന് സ്വന്തം ഭാര്യയെ പ്രതിയാക്കാൻ മകനെ ഉപയോഗിച്ച് വ്യാജ മൊഴി നൽകിച്ച ഭർത്താവിനേയും, സ്വന്തം ഭർത്താവിനെ പ്രതിയാക്കാൻ മകളെ ഉപയോഗിച്ച് വ്യാജ മൊഴി നൽകിച്ച ഭാര്യയേയും നാം കണ്ടതാണ്. അതുപോലെ വിരോധമുള്ളവരെ കുടുക്കാൻ ഉൾപ്പെടെ ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന കാഴ്ചകളും നാം കണ്ടുവരുന്നു. കുടുക്കേണ്ടവരുടെ ഇടങ്ങളിൽ മയക്കുമരുന്നുകൾ എത്തിച്ച ശേഷം അവർ തന്നെ പോലീസിനേയോ എക്സൈസിനേയോ വിവരം അറിയിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരം വിവരങ്ങൾ ലഭിക്കുമ്പോൾ ഉടനടി പരിശോധനകളിലേക്കടക്കം ഇത്തരം ഏജൻസികൾ പോകും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നടപടികൾ സ്വീകരിക്കാതിരുന്നാൽ ഏജൻസികൾക്ക് (പോലീസ് / എക്സൈസ് തുടങ്ങിയവ ) നേരേ അക്ഷേപങ്ങൾ ഉയരും. ഇങ്ങനെ ശരിതെറ്റുകളുടെ സമന്വയമായ സമൂഹത്തിനിടയിൽ നിയമം നടപ്പിലാക്കേണ്ടവർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളേയും അതിജീവിക്കാൻ നമുക്ക് കഴിയണം. കിട്ടുന്ന വിവരങ്ങൾ പ്രാഥമികമായി അനേഷിച്ച് ഇൻഫോർമറിൽ വിശ്വാസം ഉറപ്പിച്ച ശേഷം മാത്രം മുന്നോട്ട് പോകുക. സത്യസന്ധമായ വിവരങ്ങൾ തരുന്ന ഇൻഫോർമർമാരുടെ പേരുകൾ രഹസ്യമായി തന്നെ സൂക്ഷിക്കുക. പിടിക്കപ്പെടുന്നത് മയക്കുമരുന്നുകൾ തന്നെ എന്ന് ഉറപ്പാക്കാൻ Drugs Detection Kit ചുമതലപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ലഭ്യമാക്കുക. അങ്ങനെ ഈ രംഗത്തെ പോരാട്ടം വീഴ്ചകൾ ഉണ്ടാകാതെ കാര്യക്ഷമമാക്കാം. ഈ രീതിയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സമൂഹനന്മയ്ക്കായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ കഴിയില്ല. അത് കൂടുതൽ അപകടകരമാകുകയും ചെയ്യും.

” ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല” എന്ന് പറയുമ്പോഴും, ഒരു അപരാധിയും രക്ഷപ്പെടാതിരിക്കാനുള്ള നടപടികളുമായിട്ടാവണം നാം മുന്നോട്ട് പോകേണ്ടത്.

 

Back to top button
error: