ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത്. സുഹൃത്ത് മഞ്‍ജുവിൻ്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം വിവരം ഇയാൾ എക്സൈസിന്റെ അറിയിക്കുകയായിരുന്നു.
ഭര്‍ത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്‍ജു ആറ് മാസം മുമ്ബ് ഫേസ്ബുക്കിലൂടെയാണ് ഇുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ഇരുവരും പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ച് പോയ ജയന് രണ്ട് മക്കളുണ്ട്. കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്‍ജുവുമായി ജയൻ കട്ടപ്പനയിലെത്തിയത്. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. രാവിലെ ഇരുവരും ചേര്‍ന്ന് കടയില്‍ പോയി വസ്ത്രം വാങ്ങുകയും ചെയ്തു. പിന്നീട് മഞ്‍ജുവിൻ്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയൻ പുറത്തുപോയി. തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം എക്സൈസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
എക്സൈസ് സംഘമെത്തി പരിശോധന നടത്തി. 300 മില്ലി ഗ്രാം എംഡിഎംഎ പിടികൂടി. തനിക്കിതില്‍ പങ്കില്ലെന്ന് യുവതി പറഞ്ഞതോടെ എക്സൈസ് കൂടുതല്‍ അന്വേഷണം നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുരുഷ സുഹൃത്തിന്റെയും വിവരം വിളിച്ച് അറിയിച്ച ആളിന്‍റെയും നമ്ബര്‍ ഒന്നാണെന്ന് മനസ്സിലായി. തുടര്‍ന്ന് യുവതിയെയും ലോഡ്ജ് മാനേജരെയും കൊണ്ട് വിളിപ്പിച്ച് പ്രതിയെ എക്സൈസ് നാടകീയമായി പിടികൂടുകയായിരുന്നു. ജയൻ്റെ പേരില്‍ കഞ്ചാവ്, ചാരായം തുടങ്ങിയവ വിറ്റതിന് നിവലില്‍ കേസുണ്ട്. അറസ്റ്റ് ചെയ്ത ജയനെ നാളെ കോടതിയില്‍ ഹാജരാക്കും.