തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബോധരഹിതനായി.പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിച്ചതോടെ ഓടി എത്തിയ കണ്ടക്ടർ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ആര്യനാട് നിന്നും ഗുരുവായൂരിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലായിരുന്നു സംഭവം.കണ്ടക്ടറുടെ സമയോചിത ഇടപെടലിലൂടെ ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടത് 40 ഓളം ആളുകളായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 5. 55നാണ് ബസ് ആര്യനാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ടത്. ചങ്ങനാശേരി ഡിപ്പോയില്‍ കയറിയശേഷം 300 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഡ്രൈവറായ കോഴിക്കോട് സ്വദേശി ഷംസീര്‍ ബോധരഹിതനാവുകയായിരുന്നു. സീറ്റിന്റെ ഇടതുവശത്തേക്ക് ഡ്രൈവര്‍ ചരിഞ്ഞ് വീണതോടെ മുൻ സീറ്റിലുണ്ടായിരുന്ന യാത്രക്കാര്‍ നിലവിളിച്ചു.
ഇതേസമയം പിന്നിൽ ടിക്കറ്റ് നല്കിക്കൊണ്ടിരുന്ന കണ്ടക്ടറായ ആര്യനാട് സ്വദേശി ജി. എസ്. സുഭാഷ് ഓടി മുമ്ബിലെത്തി ഗിയര്‍ ബോക്സിന് മുകളില്‍ നിന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു.