NEWSSports

അര്‍ജന്‍റീനയെ കേരളത്തിലേക്ക് കളിക്കാൻ ക്ഷണിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ

കോഴിക്കോട്: സാക്ഷാൽ ലയണൽ മെസ്സിയേയും കൂട്ടരേയും കേരളത്തിൽ പന്ത് തട്ടാൻ ക്ഷണിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ.
സൗഹൃദ മത്സരം കളിക്കാനുള്ള അര്‍ജന്‍റീനയുടെ ക്ഷണം സ്വീകരിക്കാതിരുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ നടപടിയെ വിമർശിച്ചുകൊണ്ടായിരുന്നു അബ്‌ദുറഹ്‌മാന്റെ പ്രതികരണം.
‘അര്‍ജന്‍റീനയെ കേരളം എന്നും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാർ. കേരളത്തിന്‍റെ ഫുട്ബോള്‍ വികസനത്തിനായി അര്‍ജന്‍റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിച്ചു. കായികമന്ത്രി എന്ന നിലയില്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെയും അവരുടെ ഫുട്ബോള്‍ അസോസിയേഷനെയും അഭിനന്ദിച്ച്‌ കത്തയച്ചു. മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു’ – വി അബ്‌ദുറഹ്‌മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ലോകത്തെ മുൻനിര രാജ്യങ്ങള്‍ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഇന്ത്യൻ ഫുട്ബോളിന് അതു പകരുന്ന ഉത്തേജനത്തിന്‍റെ തോത് അളക്കാൻ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവര്‍ണാവസരമാണ് തട്ടിക്കളഞ്ഞത്.

ഇത്തരത്തില്‍ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രധാനം. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്പോണ്‍സര്‍മാരുടെ വലിയ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം നമ്മുടെ ഫുട്ബോളിനുള്ള ഗുണഫലം ആരും കാണാൻ തയ്യാറായില്ല. ഫുട്ബോള്‍ ഏറെ പ്രൊഫഷണലായി മാറിയ കാലമാണിത്.

 

അതിനൊപ്പം നില്‍ക്കാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നോട്ടു പോക്കായിരിക്കും ഫലം. വലിയ ടീമുകളുമായി കളിക്കുന്നത് ഇന്ത്യൻ താരങ്ങളുടെ നിലവാരമുയര്‍ത്തും. ഫുട്ബോളിലേക്ക് കൂടുതല്‍ കുട്ടികള്‍ കടന്നുവരാനും കൂടുതല്‍ മേഖലകളിലേക്ക് കളി പ്രചരിക്കാനും ഇതു വഴിയൊരുക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: