KeralaNEWS

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകന്‍റെ വീട്ടിൽ; സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയതെന്ന് സൂചന

പാലക്കാട്: മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ അറസ്റ്റിലായ കെ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിന്‍റെ വീട്ടിലെന്ന് വിവരം. സിപിഎം സൈബർ പോരാളിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനുമാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം.

മുൻ എസ്എഫ്ഐ നേതാവായ വിദ്യയുടെ റിമാന്‍റ് റിപ്പോർട്ട് പുറത്ത് നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ നിന്നാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഘവന്‍റെ മകനാണ് റോവിത് കുട്ടോത്ത്. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. വിദ്യയ്ക്ക് പുറത്ത് നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

അതേസമയം, കേസിൽ കെ വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും. എന്നാല്‍, താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നുമാണ് പൊലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിക്കുന്നത്. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നും ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ പൊലീസിനോട് പറഞ്ഞു.

എന്നാൽ വിദ്യ പലപ്പോളയി നൽകിയത് പരസ്പരവിരുദ്ധമായ മൊഴികളാണ്. മഹാരാജാസ് കോളേജിൽ അധ്യാപികയായി 20 മാസം പ്രവർത്തിച്ചുവെന്ന ബയോഡാറ്റയിൽ രേഖപ്പെടുത്തിയത് താൻ തന്നേയാണെന്നും അവർ സമ്മതിച്ചു. എന്നാൽ കോളേജിന്റെ പേര് മാറി പോയെന്നാണ് ഇതിന് നൽകിയ വിശദീകരണം.

Back to top button
error: